ബോസ്റണ്‍ സീറോ മലബാര്‍ ഇടവകയിലെ ബ്ര. റോയി ജോസഫ് എസ്ജെ ഡീക്കന്‍ പട്ടത്തിലേക്ക്
Sunday, October 11, 2015 3:21 AM IST
ബോസ്റണ്‍: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലും, ബോസ്റണ്‍ സീറോ മലബാര്‍ ഇടവകയിലും ആദ്യമായി ഒരു വൈദിക വിദ്യാര്‍ഥിക്കു ഡീക്കന്‍ പദവി നല്‍കി. ഈശോ സഭാംഗമായ ബ്രദര്‍ റോയി കഴിഞ്ഞ രണ്ടുവര്‍ഷമായി ബോസ്റണ്‍ സീറോ മലബാര്‍ പള്ളിയിലെ ആരാധനാക്രമങ്ങളിലെ സജീവസാന്നിധ്യമാണ്. സീറോ മലബാര്‍ സഭയോടുള്ള ബ്ര. റോയിയുടെ ഈ സ്നേഹമാണു ബോസ്റണ്‍ സീറോ മലബാര്‍ ഇടവകയെ തന്റെ ഡീക്കന്‍പട്ട സ്വീകരണത്തിന് തെരഞ്ഞെടുത്തത്.

ഒക്ടോബര്‍ നാലാം തീയതി ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കൈവെയ്പ് ശുശ്രൂഷ വഴി ബ്ര. റോയി ഡീക്കന്‍ പദവിയിലെത്തി. ഇടവക വികാരി ഫാ. മാത്യു പോത്താലില്‍ വി.സിയുടെ സാന്നിധ്യവും നേതൃത്വവും ശ്ശാഘനീയമായിരുന്നു.

തിരുക്കര്‍മങ്ങള്‍ക്ക് ഈശോസഭയുടെ പ്രൊവിന്‍ഷ്യാള്‍ റവ. റൊണാള്‍ഡ് മെര്‍സിയെ എസ്ജെ, കമ്യൂണിറ്റി റെക്ടര്‍ റവ. ജയിംസ് ഗാര്‍ട്ട്ലന്‍ഡ് എസ്ജെ, ആര്‍ച്ച് ഡീക്കന്‍ റവ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹകാര്‍മികരായി ഫാ. ഡോളിച്ചന്‍ എസ്ജെ, ഫാ. പിന്റോ പോള്‍, ഫാ. തോമസ് വള്ളോമറ്റം എന്നിവരും പങ്കെടുത്തു. സെന്റ് മാര്‍ത്താ, ആരാധന എന്നീ സഭകളിലെ സിസ്റേഴ്സിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

1970-ല്‍ ഡീക്കന്‍ റോയിയുടെ കുടുംബം അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്ത് എത്തി. വൈക്കത്തുചേരി ഐസക് ജോസഫിന്റേയും റോസ് ജോസഫിന്റേയും മകനായ ഡീക്കന്‍ റോയി മെഡിസിന്‍ (എംഡി) ബിരുദധാരിയാണ്. ഷിക്കാഗോ ലയോള കോളജിലും, ബോസ്റണ്‍ കോളജിലും പഠനം പൂര്‍ത്തിയാക്കുന്ന ഡീക്കന്‍ റോയി 2016 ജൂണ്‍ 11-നു വൈദികപട്ടം സ്വീകരിക്കും.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലും, ബോസ്റണ്‍ ഇടവകയിലും ആദ്യമായി നടന്ന ഈ തിരുക്കര്‍മം പുതുതലമുറയ്ക്കും ഈ ഇടവകയ്ക്കും പ്രേരണയും പ്രചോദനവുമാകട്ടെ എന്നു മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ പ്രസംഗമധ്യേ ഉദ്ബോധിപ്പിച്ചു. തന്റെ മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം ബോസ്റണ്‍ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്കും, കൈക്കാരന്മാര്‍ക്കും, വിശിഷ്യ ഇടവക വികാരി ഫാ. മാത്യു പോത്താലിനും ഡീക്കന്‍ റോയി നന്ദി അര്‍പ്പിച്ചു. സ്നേഹവിരുന്നിനുശേഷം മൂന്നുമണിയോടെ തിരുക്കര്‍മങ്ങള്‍ സമാപിച്ചു. ബിജു തൂമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം