'ലാനേയം' പ്രകാശനം ഒക്ടോബര്‍ 31ന്
Saturday, October 10, 2015 5:49 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ഭാഷാസ്നേഹികളുടേയും സാഹിത്യപ്രവര്‍ത്തകരുടേയും കേന്ദ്ര സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ആഭിമുഖ്യത്തില്‍ വന്‍കരയിലെ എഴുത്തുകാരുടെ തെരഞ്ഞെടുക്കപ്പെട്ട കൃതികളുടെ സമാഹാരമായ 'ലാനേയം'

ഒക്ടോബര്‍ 30, നവംബര്‍ ഒന്ന് തീയതികളില്‍ ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികളായ ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍, ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമുള്ള മലയാളി എഴുത്തുകാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുപതോളം പേരുടെ ചെറുകഥകളും കവിതകളും ലേഖനങ്ങളുമാണ് 'ലാനേയ'ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കോപ്പികള്‍ സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെ കേരളത്തിലെ വിവിധ ലൈബ്രറികള്‍ക്കും എഴുത്തുകാര്‍ക്കും അമേരിക്കയിലെ വിവിധ സാഹിത്യസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും.

ജെ. മാത്യൂസ്, ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍ എന്നിവര്‍ എഡിറ്റിംഗും ശ്രേഷ്ഠ ഭാഷാ പബ്ളിക്കേഷന്‍സ് പ്രസാധനവും നിര്‍വഹിച്ചിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയൊരുക്കിയത് പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ് സോമന്‍ കടയനിക്കാടാണ്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ