അനില്‍ പുത്തന്‍ചിറ 'നമസ്കാരം അമേരിക്ക' കോര്‍ ടീമില്‍
Saturday, October 10, 2015 5:48 AM IST
ന്യൂജേഴ്സി: മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യവും ജനസമ്മതനുമായ അനില്‍ പുത്തന്‍ചിറ, പ്രവാസി ചാനലിന്റെ 'നമസ്കാരം അമേരിക്ക' കോര്‍ ടീമില്‍.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാഞ്ച്) മുന്‍ ജനറല്‍ സെക്രട്ടറി, ജസ്റീസ് ഫോര്‍ ഓള്‍ നാഷണല്‍ ട്രഷറര്‍, വേള്‍ഡ് മലയാളി ന്യൂജേഴ്സി പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള അനില്‍ പുത്തന്‍ചിറ, തികഞ്ഞ സംഘാടകനും സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സുപരിചിതനുമാണ്.

പൊതു ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, വിജയകരമായി സംഘടിപ്പിച്ചിരിക്കുന്ന ഉപകാരപ്രദമായ പരിപാടികള്‍, കറ തീര്‍ന്ന വ്യക്തി പ്രഭാവം എന്നിവ അനിലിനെ നമസ്കാരം അമേരിക്കയുടെ ഭാഗമാക്കാന്‍ സഹായിച്ചതെന്ന് പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്ന ചീഫ് പ്രൊഡ്യൂസര്‍ ജില്ലി സാമുവല്‍, പ്രൊഡ്യൂസര്‍ മഹേഷ് കുമാര്‍, അനിയന്‍ ജോര്‍ജ്, ജോര്‍ജ് തുമ്പയില്‍, മധു രാജന്‍, വിനീത നായര്‍, ജോസ് എബ്രഹാം എന്നിവര്‍ പറഞ്ഞു.

'നമസ്കാരം അമേരിക്ക' ലോകമെമ്പാടുമുള്ള മലയാളികള്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു ടോക്ക് ഷോ ആയി ഉയര്‍ത്താന്‍ അനിലിന്റെ കടന്നു വരവു സഹായകരമാകട്ടെ എന്ന് പരിപാടിയുടെ അഭ്യുദയകാംഷികളായ ഷാജി എഡ്വേര്‍ഡ്, തോമസ് കൂവള്ളൂര്‍, ജോ പണിക്കര്‍ തുടങ്ങിയവര്‍ ആശംസിച്ചു.