സൌദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പോലീസ് പട്രോളിംഗ് വിഭാഗത്തിനു പുതിയ വേഷം
Thursday, October 8, 2015 7:59 AM IST
ദമാം: സൌദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പോലീസ് പട്രോളിംഗ് വിഭാഗത്തിനു ഇന്നുമുതല്‍ പുതിയ വേഷമാണ്. കറുത്ത നിറത്തിലുള്ള യൂണിഫോം ആയിരിക്കും ഇനി പട്രോളിംഗ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വേഷം.

ദമാം, ഖതീഫ്, അല്‍ഹസ തുടങ്ങിയ സ്ഥലങ്ങളിലാണു പോസ് പട്രോളിംഗ് വിഭാഗം പുതിയ വേഷത്തില്‍ ജോലി ആരംഭിച്ചത്. താമസിയാതെ മറ്റു ഭാഗങ്ങളിലും പുതിയ പരിഷ്കാരം നടപ്പാക്കുമെന്നു ബ്രിഗേഡിയര്‍ സിയാദ് അല്‍ റുഖൈത്തി പറഞ്ഞു.

നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും ഇടയിലെ വിവിധ സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥരുടെ യൂണിഫോമിലും പട്രോളിംഗ് വാഹനങ്ങള്‍ക്കുമുള്ള പരിഷ്കാരങ്ങള്‍ക്കു ആഭ്യന്തര മന്ത്രാലയം ഏതാനും മാസങ്ങള്‍ മുമ്പ് തുടക്കം കുറിച്ചിരുന്നു.

സൌദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദേശ പ്രകാരമാണു പരിഷ്കാരം നടപ്പാക്കിയത്.

സൌദി സുരക്ഷാ വിഭാഗത്തില്‍ പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നതിനായി നടത്തിയ പഠനത്തിന്റെ ഭാഗമായാണ് പട്രോളിംഗ് വിഭാഗം നവീകരിച്ചത്.

പുതിയ പട്രോളിംഗ് വാഹനങ്ങളില്‍ സൌദി ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററും അതതു പോലീസ് സ്റേഷനുകളുമായും ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം