റോക്ലാന്‍ഡ് കൌണ്ടിയില്‍ 'കെസ്റര്‍ ലൈവ് 2015' സംഗീതവിരുന്ന് ഹൃദ്യാനുഭവമായി
Thursday, October 8, 2015 6:40 AM IST
ന്യൂജേഴ്സി: റോക്ലാന്‍ഡ് കൌണ്ടിയില്‍ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന 'കെസ്റര്‍ ലൈവ് 2015' സംഗീത വിരുന്ന് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. പ്രശസ്ത ഗായകന്‍ കെസ്റര്‍ ഹൃദയവര്‍ജകമായി തന്റെ സ്വരമാധുരിയില്‍ മെലഡി ഗാനങ്ങള്‍ ആലപിച്ച് ശ്രോതാക്കളെ കീഴടക്കി. ഇതാദ്യമായാണ് കെസ്റര്‍ അമേരിക്കയിലെത്തുന്നത്. ഏറെ പ്രശംസ ഏറ്റുവാങ്ങിയ വിഖ്യാതമായ 'നിന്‍ സ്നേഹമെത്രയോ അവര്‍ണനീയം' എന്ന ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച ഗായകന്‍ നിലമ്പൂര്‍ കാര്‍ത്തികേയനെ സ്റേജില്‍ വിളിച്ച് അദ്ദേഹം ആദരിക്കുകയും ചെയ്തു.

കെസ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍വന്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അമേരിക്കയില്‍ ഉടനീളം പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം അത് റോക്ലാന്‍ഡ് കൌണ്ടിയില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഭക്തിഗാനങ്ങളുടെ താളലയസമന്വയത്തിനു ഗ്രേസ് പോയിന്റ് ഗോസ്പല്‍ ഫെലോഷിപ്പ് അങ്കണം സാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം പ്രശ്സ്ത ഗായകരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം എന്നിവരും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം അണിനിരന്നു.

കെസ്ററിന്റെ പല മെലഡികളും രചിച്ചിട്ടുള്ള ഫാ. തദേവൂസ് അരവിന്ദത്ത് വേദിയുടെ മുന്‍നിരയില്‍ ഇടം പിടിച്ചിരുന്നു. ഇരുവരുടെയും കൂടിച്ചേരല്‍ സദസും ഏറ്റെടുത്തതോടെ സംഗീതവിരുന്ന് കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ഫാ. തദേവൂസ് അരവിന്ദത്ത് രചിച്ച്, അകാലത്തില്‍ പൊലിഞ്ഞ സംഗീതപ്രതിഭ വയലിന്‍ ജേക്കബ് സംഗീതം പകര്‍ന്ന 'മൃദുവായി തൊടുകില്‍' എന്ന ഗാനം കെസ്റര്‍ ആലപിച്ചപ്പോള്‍ സദസ് സംഗീതത്തിന്റെ അനിര്‍വചനീയമായ മറ്റൊരു ലോകമാണ് അനുഭവിച്ചത്.

സംഗീത ലോകത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയും സംഗീതസപര്യയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ മനസില്‍ കുടിയേറുകയും ചെയ്ത പ്രമുഖ ഗായകനും സെലസ്റ്റിയല്‍ സിംഗറുമായ ബിനോയ് ചാക്കോയുടെ അപ്ബീറ്റ് ഗാനങ്ങളും ആസ്വാദകര്‍ നെഞ്ചോടു ചേര്‍ത്തു.

പ്രശസ്ത സംഗീതജ്ഞന്‍ സുനില്‍ സോളമനോടൊപ്പമുള്ള ലൈവ് ഓര്‍ക്കസ്ട്രയില്‍ വയലിന്‍ ജോര്‍ജ് കൈകാര്യം ചെയ്തു. ലീഡ് ഗിറ്റാര്‍- വിജയ്, ബേസ് ഗിറ്റാര്‍- സാലു, റിഥം/ ഡ്രംസ്- ഷാലു, തബല- ലാജി, സൌണ്ട്- എബി വിഷ്വല്‍ ഡ്രീംസ്.

സംഗീത പരിപാടി മലങ്കര കാത്തലിക് എക്സാര്‍കേറ്റ് ഡോ. തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സൈമണ്‍ മാത്യു നന്ദി പറഞ്ഞു. വികാരി ഫാ. അഗസ്റിന്‍ മംഗലത്ത്, ട്രസ്റി ജേക്കബ് തരകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വ്യത്യസ്ത കമ്മിറ്റികള്‍ സ്തുത്യര്‍ഹമായ സേവനമാണു കാഴ്ചവച്ചത്.

കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. നാഷണല്‍ സ്പോണ്‍സേഴ്സായ സ്കൈപാസ് ട്രാവല്‍സ്, ടൌണ്‍ ഹോംസ്, ഗ്ളോറിയ റേഡിയോ, സിത്താര്‍ പാലസ് എന്നിവരെ ജോര്‍ജ് തുമ്പയില്‍ പരിചയപ്പെടുത്തി.