യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ ഒക്ടോബര്‍ 15നു ഡാളസില്‍
Wednesday, October 7, 2015 8:33 AM IST
ഡാളസ്: ഭാരതത്തിലെ ക്രൈസ്തവസമൂഹത്തെ സഭാവ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച് ക്രിയാത്മക എക്യുമെനിസവും സുവിശേഷികരണവും എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ (യുസിപിഐ) എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നോര്‍ത്ത് അമേരിക്കയില്‍ പര്യടനം നടത്തുന്നു.

ഇതിന്റെ ഭാഗമായി മാര്‍ത്തോമ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൌലോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ മാര്‍ത്തോമ സഭ അത്മായ ട്രസ്റിയും കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ ട്രഷററും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പ്രകാശ് പി. തോമസ്, ഡോ. രാജു ഏബ്രഹാം (ലുധിയാന മെഡിക്കല്‍ കോളജ്) സാം ജെ. ദാസ് (ഡല്‍ഹി) എന്നിവര്‍ ഒക്ടോബര്‍ 15നു (വ്യാഴം) ഡാളസില്‍ എത്തുന്നു. വൈകുന്നേരം ഏഴിന് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവകയിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഏഴിന് ഷിക്കാഗോ, എട്ടിന് വാഷിംഗ്ടണ്‍, ഒമ്പതിന് ഫിലഡല്‍ഫിയ, 10നു ന്യൂജേഴ്സി, 11 നു ന്യൂയോര്‍ക്ക്, 13 നു ബോസ്റണ്‍, 14 നു അറ്റ്ലാന്റാ, 16നു ഹൂസ്റണ്‍, 17 നു സെന്റ് ലൂയിസ് എന്നിവിടങ്ങളില്‍ ക്രമീകരിക്കുന്ന എക്യുമെനിക്കല്‍ യോഗങ്ങളില്‍ പങ്കെടുത്തശേഷം സംഘം 19 നു നാട്ടിലേക്കു തിരിക്കും.

സമ്മേളനത്തിലേക്കു ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം