പത്തുകല്‍പ്പനകള്‍ ആലേഖനം ചെയ്ത സ്റാച്യു നീക്കം ചെയ്തു
Wednesday, October 7, 2015 8:32 AM IST
ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാന തലസ്ഥാനത്ത് നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്ത 4,800 പൌണ്ട് തൂക്കമുളള സ്റാച്യു നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ട് ഡസനിലധികം ട്രൂപ്പര്‍മാരുടെ സംരക്ഷണത്തിലാണ് ഇരുട്ടിന്റെ മറവില്‍ ചരിത്രസ്മാരകം നീക്കം ചെയ്യപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 10.15 നും 11.30 നും ഇടയിലാണ് സ്റാച്യു നീക്കം ചെയ്തതെന്ന് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍ പ്രൈസസ് വക്താവ് ജോണ്‍ എസ്റസ് പറഞ്ഞു. സമീപ വാസികളായ അഞ്ചോ ആറോ പേര്‍ മാത്രമാണ് ദൃക്സാക്ഷികളായി ഉണ്ടായിരുന്നത്. പ്രത്യേക മതവിഭാഗത്തിനോ, ഡിനോമിനേഷനോ അവരുടെ ആശയ പ്രചാരണത്തിനായി പൊതു സ്ഥലത്ത് ഇത്തരം സ്റാച്യുകള്‍ സ്ഥാപിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ഒക്ടോബര്‍ 12നു മുമ്പ് സ്റാച്യു നീക്കം ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു.

സാത്താനിക് ഗ്രൂപ്പും നിരീശ്വരവാദികളും മൃഗസംരക്ഷണ ഗ്രൂപ്പും അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇത്തരം സ്റാച്യുകള്‍ ഉയര്‍ത്തുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍