കവര്‍ച്ചക്കാരെ നേരിടാന്‍ രൂപീകരിച്ച കമ്മിറ്റി കണ്‍വീനറും കവര്‍ച്ചയ്ക്കിരയായി
Tuesday, October 6, 2015 5:04 AM IST
റിയാദ്: റിയാദില്‍ കവര്‍ച്ചക്കാരുടെ വിഹാര കേന്ദ്രമായ ശാര റെയിലില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും ഇരകള്‍ക്ക് വേണ്ട നിയമസംരക്ഷണം നല്‍കുന്നതിനുമായി റിയാദിലെ എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറും കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്ള വല്ലാഞ്ചിറയെ കഴിഞ്ഞ ദിവസം കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം രാത്രി ശാര റെയിലിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ സ്കൂട്ടറിലെത്തിയ തസ്കരര്‍ കഴുത്തില്‍ കത്തി വെച്ച് കയ്യിലുണ്ടായിരുന്ന ഐഫോണ്‍ മൊബൈലും 1500 റിയാലും തട്ടിയെടുത്തു. കൂടെയുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകനായ നവാസ് വെള്ളിമാടുകുന്നിനേയും അവര്‍ വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്സിലുണ്ടായിരുന്ന 300 റിയാലും കവര്‍ന്ന ശേഷമാണ് അവര്‍ തിരിച്ചു പോയത്. ഇഖാമ തിരിച്ചു തരാന്‍ കേണപേക്ഷിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്നും എറിഞ്ഞു കൊടുത്തത്രെ.

നിരന്തരമായി പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടും തുടര്‍ച്ചയായി എല്ലാ ദിവസവും ഈ ഭാഗത്ത് പിടിച്ചു പറിയുടെ കഥകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കൂസലുമില്ലാതെയാണ് ഇവര്‍ ആളുകളെ കൊള്ളയടിക്കുന്നത്. കത്തിയും വടികളും മറ്റുമായി പരസ്യമായാണ് ഇവരുടെ അക്രമങ്ങള്‍. മൂന്ന് നാലും അളുകളായും ഒറ്റക്കും വന്ന് ഇവര്‍ അക്രമം നടത്തുന്നു. കൂടുതലും വിദേശികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് അധികവും ബാച്ചിലര്‍ താമസകേന്ദ്രങ്ങളാണ്. ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ ഏറെ വൈകി ഒറ്റക്കാണ് അത്ര വെളിച്ചമില്ലാത്ത ഈ വഴി നടന്നു പോകുന്നത്. ദിനംപ്രതി മൂന്നും നാലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ചെറിയ കൂട്ടമാണ് ഇതിന് പിന്നിലെന്നാണ് ഇവിടെ താമസിക്കുന്നവര്‍ പറയുന്നത്. ഇവിടെ താമസിച്ചിരുന്ന മിക്ക കുടുംബങ്ങളും മറ്റ് ഭാഗങ്ങളിലേക്ക് താമസം മാറാന്‍ നിര്‍ബ്ബന്ധിതരായിരിക്കയാണ്.

ഒരു മലയാളി സാംസ്കാരിക സംഘടന പത്ത് ദിവസം മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൌദി അധികൃതരോട് ആവശ്യപ്പെടണമെന്ന് പറഞ്ഞ് നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. റിയാദ് പ്രവിശ്യാ പോലീസ് മേധാവിയെക്കണ്ട് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി സംഘടനകള്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍