'കേരളത്തിലെ തൊഴില്‍സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണം'
Monday, October 5, 2015 7:50 AM IST
ദുബായി: കേരളത്തില്‍ ലഭ്യമായ തൊഴില്‍സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയണമെന്ന് കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗം ടി.ടി. ഇസ്മായില്‍. ദുബായി കെഎംസിസി ഐസ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി' മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിവിടങ്ങളില്‍ വളരെയധികം അവസരങ്ങള്‍ കേരളത്തിലുണ്ട്. ജീവിതകാലം മുഴുവന്‍ പ്രവാസിയായി കഴിയുന്നതിനുപകരം സ്വന്തം നാട്ടില്‍ കുടുംബവുമൊന്നിച്ച് കഴിയാനുള്ള സാഹചര്യത്തിനു പരിശ്രമിക്കണം. ബിരുദ സര്‍ട്ടിഫിക്കറ്റുമായി കടല്‍ കടക്കുന്നതിനു മുമ്പ് നാട്ടിലെ തൊഴിലവസരങ്ങള്‍ കണ്െടത്തി അതിനുവേണ്ടി മത്സരിക്കാനുള്ള പ്രാപ്തി കൈവരിക്കാന്‍ പ്രവാസികളുടെ മക്കളും ഗള്‍ഫ് മോഹം മനസില്‍ കൊണ്ടു നടക്കുന്നവരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ വിഷമവതരിപ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ശ്യാം സുന്ദറിനുള്ള ആലപ്പുഴ ജില്ലാ കെഎംസിസിയുടെ ഉപഹാരം നല്‍കി. അഡ്വ. ബക്കര്‍ അലി (സിജി), എന്‍.ആര്‍. മായിന്‍, വെങ്കിട് മോഹന്‍, എന്‍.ആര്‍. രാമചന്ദ്രന്‍, ബാബു പീതാംബരന്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശേരി എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍