സൌദി അറേബ്യയില്‍ അംബാസഡറെ നിയോഗിക്കണം: ബിനോയ് വിശ്വം
Monday, October 5, 2015 4:18 AM IST
റിയാദ്: ഇന്ത്യക്കു പുറത്ത് ഏറ്റവും അധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൌദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ദീര്‍ഘകാലമായി ഒരു അംബാസഡറില്ല എന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നും മുന്‍ സംസ്ഥാന മന്ത്രിയും സി.പിഐ നേതാവുമായ ബിനോയ് വിശ്വം പറഞ്ഞു. ഇതു പരിഹരിച്ച് ഉടനെ യോഗ്യനായ ഒരു അംബാസഡറെ സൌദി അറേബ്യയില്‍ നിയോഗിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂ ഏജ് സാംസ്കാരിക വേദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ അദ്ദേഹം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ ഓടി നടന്ന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ പാടുപെടുന്ന പ്രധാനമന്ത്രിക്ക് നൂറ്റാണ്ടുകളായി ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൌദി അറേബ്യയില്‍ ഒരു അംബാസഡറെ നിയമിക്കാന്‍ കഴിയാതെ പോയത് ജനകീയ വിഷയങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കുന്നില്ല എന്നതിനു ഉദാഹരണമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ പിടിപ്പുകേടുകളുടേയും വര്‍ക്ഷീയതയുടേയും പര്യായമായി മാറിക്കഴിഞ്ഞു. ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ മൌനം പ്രതിഷേധാര്‍ഹമാണ്. ഈ അവസരത്തില്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ബദല്‍ സംവിധാനത്തിനായി ശ്രമിക്കുകയും വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

നരേന്ദ്രമോഡിയുടെ ഭരണത്തിന്‍ കീഴില്‍ വര്‍ഗീയ പിന്തിരിപ്പന്‍ ഫാസിസ്റ്റ് ശക്തികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അങ്ങേയറ്റം ലജജാകരമായ സംഭവങ്ങളാണ്. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്നും എവിടെ പ്രാര്‍ത്ഥിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് ആയുധമേന്തിയ ചിലരുടെ കൈകള്‍ കൊണ്ടാകുന്നത് അനുവദിക്കാന്‍ പാടില്ല. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണമെന്ന് ബിനോയ് പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തിലും ഇടതുപക്ഷം ഭിന്നിച്ച് നില്‍ക്കുന്നത് സങ്കടകരമാണ്. ഒരുമിച്ച് നിന്നാല്‍ കരുത്തു തെളിയിക്കാനാകുമെന്നു പലഘട്ടത്തിലും ഇടതുപക്ഷം തെളിയിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ എഐഎസ്എഫിന്റെ വിജയം പ്രതീക്ഷ നല്‍കുന്നതാണ്. അവിടേയും ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഒറ്റക്ക് മത്സരിച്ച് എ.ഐ.എസ്.എഫ് വിജയം കൊയ്തത്. സി.പി.ഐ എന്നും ഐക്യശ്രമങ്ങളെ സ്വാഗതം ചെയ്ത പാര്‍ട്ടിയാണ്. ഇനിയും അത്തരം ശ്രമങ്ങളുണ്െടങ്കില്‍ എല്ലാരീതിയിലുള്ള വിട്ടുവീഴ്ചയും ചെയ്ത് കൂടെ നില്‍ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പാഴ്ശ്രമങ്ങള്‍ കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും ഈഴവരെ കബളിപ്പിക്കുന്ന തന്ത്രങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളതെന്നും ബിനോയ് വിശ്വം ഈഴവ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവാര്‍ത്തയോട് പ്രതികരിച്ചു. എസ്.എന്‍ഡിപി തന്റെ കുടുംബ സ്വത്താക്കി വാഴാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഇത് ഈഴവ സമുദായം മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പാര്‍ട്ടി രൂപീകരണം വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ സ്ഥാനം. സാമാന്യ ബോധമുള്ള ജനങ്ങള്‍ക്കെല്ലാം അവരുടെ ലക്ഷ്യം തിരിച്ചറിയാന്‍ സാധിക്കും. മുസ്ലിം ലീഗ് അതില്‍ നിന്നും വ്യത്യസ്ഥമാണ്. എന്നാല്‍ മുസ്ലിം സമുദായത്തിലെ സമ്പന്നര്‍ക്ക് മാത്രം ഗുണമുള്ള പാര്‍ട്ടിയാണ്. പാവപ്പെട്ട മുസ്ലിംകള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാകില്ലെന്നും അവര്‍ എന്നും പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുകയാണെന്നും ബിനോയ് പറഞ്ഞു.

പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാസര്‍ കാരന്തൂര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. വി.ജെ നസറുദ്ദീന്‍ സ്വാഗതവും ഷക്കീബ് കൊളക്കാടന്‍ നന്ദിയും രേഖപ്പെടുത്തി. ന്യൂ ഏജ് ഭാരവാഹികളായ ഹരി നായര്‍, വിനോദ് രാജു, ഷാനവാസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം സംസാരിക്കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍