ദളിത് ക്രൈസ്തവരുടെ സംവരണത്തിനു പിന്‍തുണയ്ക്കുക: ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍
Saturday, October 3, 2015 6:03 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തനു ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി.

ന്യൂയോര്‍ക്ക് ക്വീന്‍സിലെ ഔര്‍ ലേഡി ഓഫ് ദി സിനൌസ് പള്ളിയില്‍ പ്രത്യേകം ഒരുക്കിയ ദിവ്യബലിയോടനുബന്ധിച്ചായിരുന്നു സ്വീകരണം. ബ്രൂക്ളിന്‍ രൂപതയുടെ ഇന്ത്യന്‍ കമ്യൂണിറ്റി കോഓര്‍ഡിനേറ്റര്‍ ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍, ഫാ. ബെനഡിക്ട് പോള്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൌണ്‍സിലിന്റെ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക സമുദായ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. പൊന്നുമുത്തന്‍, കേരളത്തിലെ സാമൂഹിക വ്യവസ്ഥ ഇന്ത്യയിലെ പൊതുവെയും കേരളത്തിലെ പ്രത്യേകിച്ചും ദളിത് ക്രൈസ്തവരുടെ വളര്‍ച്ചയ്ക്ക് പ്രതികൂലമായി നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക സമുദായങ്ങള്‍ ഇന്നു കേരളത്തിന്റെ ഔദ്യോഗികമണ്ഡലങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ ക്രൈസ്തവമതം സ്വീകരിച്ചതിന്റെ പേരില്‍ അവഗണനയ്ക്കും അടിച്ചമര്‍ത്തലിനും വിധേയരായി അരാജകത്വത്തിന്റേയും കഷ്ടപ്പാടിന്റെയും വേദനയിലാണ്.

ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ഇല്ലായെന്ന് 1950-ല്‍ അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രേപ്രസാദ് നടത്തിയ വിളംബരം ഭരണഘടനാപ്രകാരമുള്ള പൌരാവകാശങ്ങളെ ലംഘിക്കുന്നതാണ്. ഐക്യരാഷ്ട്രസംഘടനയുടെ പതിനെട്ടാം വകുപ്പില്‍ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനംകൂടിയാണ് ഇന്ത്യയുടെ നയമെന്ന് ബിഷപ് പൊന്നുമുത്തന്‍ എടുത്തു പറഞ്ഞു.

സിഖ്മതത്തിലും ബുദ്ധമതത്തിലും ചേര്‍ന്നവര്‍ക്കു 1990-ല്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ മുസ്ലിംങ്ങളെയും ക്രൈസ്തവരെയും കേന്ദ്ര തഴയുകയായിരുന്നു. മൂന്നു കമ്മീഷനുകളും ദേശീയ നേതാക്കളും രാഷ്ട്രീയപാര്‍ട്ടികളും തുടര്‍ച്ചയായി ദളിത് ക്രൈസ്തവര്‍ക്ക് സംവരണത്തിനായി അഭ്യര്‍ഥിക്കുന്നുണ്െട ങ്കിലും കേന്ദ്രം ഭരിച്ച യുപിഎ, ബിജെപി സര്‍ക്കാരുകള്‍ അവയെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

കഴിഞ്ഞ ആറു ദശകങ്ങളായി ഇന്ത്യയിലെ എട്ടു ശതമാനം വരുന്ന ദളിത് ക്രൈസ്തവര്‍ തങ്ങളുടെ ദുരവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി കേഴുന്നു. അവരുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള കഠിനയത്നത്തിന് സഹതാപത്തോടെയുള്ള പിന്തുണ സമൂഹത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടത് അടിയന്തരമായ ആവശ്യമാണ്.

2004 -ല്‍ ആണ് കൊല്ലം രൂപത വിഭജിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുനലൂര്‍ രൂപത സ്ഥാപിച്ചത്. രൂപതയിലെ കത്തോലിക്കരില്‍ 65 ശതമാനം വിശ്വാസികളും ദളിതുകളാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും അവര്‍ പൊതുസമൂഹാവസ്ഥയില്‍ വളരെ പിന്നിലാണ്. അവരുടെ ശോചനീയാവസ്ഥയില്‍ മാറ്റംവരുത്തുന്നതിനുള്ള പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണയും പ്രാര്‍ഥനയും ഡോ. പൊന്നുമുത്തപ്പന്‍ ആഹ്വാനം ചെയ്തു.

ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നതിനു മുമ്പ് ബിഷപ് ഷിക്കാഗോ, ഹൂസ്റണ്‍ നഗരങ്ങളും സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചുകൂട്ടുന്ന ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാന്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍നിന്ന് റോമിലേക്ക് പോയി.

പോള്‍ ഡി പനയ്ക്കല്‍ അറിയിച്ചതാണിത്.