എസ്എംസിസി നാഷണല്‍ ജനറല്‍ കൌണ്‍സില്‍ മീറ്റിംഗ് ഒക്ടോബര്‍ 31നു ഹൂസ്റണില്‍
Thursday, October 1, 2015 5:07 AM IST
ഹൂസ്റണ്‍: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) നാഷണല്‍ ഗവേണിംഗ് കൌണ്‍സില്‍ മീറ്റിംഗ് ഒക്ടോബര്‍ 31-നു (ശനിയാഴ്ച) ഹൂസ്റണിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബോര്‍ഡ് അംഗങ്ങളും, വിവിധ ചാപ്റ്റര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയെയും ബോര്‍ഡ് അംഗങ്ങളുടെയും തെരഞ്ഞെടുപ്പും തദവസരത്തില്‍ നടക്കുന്നതാണ്. രാവിലെ ദിവ്യബലിയര്‍പ്പണത്തിനുശേഷം എസ്എംസിസി ഡയറക്ടര്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നേതൃത്വം കൊടുക്കുന്ന ലീഡര്‍ഷിപ്പ് സെമിനാറോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, ഹൂസ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് സജി സൈമണ്‍, ഫാ. വില്‍സണ്‍ ആന്റണി, എസ്എംസിസി നാഷണല്‍ വൈസ് പ്രസിഡന്റ് ബോസ് കുര്യന്‍, ചാക്കോ കല്ലുകുഴി, ആന്റണി ചെറു എന്നിവരുടെ നേതൃത്വത്തില്‍ എസ്.എം.സി.സി ഹൂസ്റണ്‍ ചാപ്റ്റര്‍ യോഗ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും. നാഷണല്‍ കമ്മിറ്റി അംഗങ്ങളും ബോര്‍ഡ് മെമ്പേഴ്സും, എല്ലാ ചാപ്റ്റര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്ത് നാഷണല്‍ ജനറല്‍ കൌണ്‍സില്‍ മീറ്റിംഗ് വിജയകരമാക്കണമെന്നും വരുംവര്‍ഷങ്ങളിലും എസ്എംസിസിയെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായ നേതൃനിരയെ തെരഞ്ഞെടുക്കുകയും അതുവഴി സഭയുടെ കെട്ടുറപ്പും, സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയും സാധ്യമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും എസ്എംസിസി നാഷണല്‍ പ്രസിഡന്റ് സിറിയക് കുര്യന്‍ ആഹ്വാനം ചെയ്തു. വൈകിട്ട് ഹൂസ്റണ്‍ ചാപ്റ്റര്‍ നേതൃത്വം കൊടുക്കുന്ന കലാപരിപാടികള്‍ക്കുശേഷം ബാങ്ക്വറ്റ് ഡിന്നറോടെ യോഗം അവസാനിക്കും. പ്രതിനിധികള്‍ക്കുള്ള താമസ സൌകര്യം ഒരുക്കിയിരിക്കുന്നത് ഷുഗര്‍ലാന്റിലുള്ള ക്രൌണ്‍ പ്ളാസാ ഹോട്ടലിലാണെന്നു സംഘാടകര്‍ അറിയിച്ചു. ജയിംസ് കുരീക്കാട്ടില്‍ (എസ്എംസിസി പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം