കല കുവൈത്ത് വര്‍ഗീയവിരുദ്ധ സമ്മേളനം സംഘടിപ്പിക്കുന്നു
Tuesday, September 29, 2015 6:56 AM IST
കുവൈത്ത് സിറ്റി: കല കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം വര്‍ഗീയ ശക്തികളുടെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഫാസിസം പിടി മുറുക്കിയിരിക്കുന്നു. തീവ്ര ദേശീയതയുടെയും വര്‍ഗീയതയുടെയും മറവില്‍ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കാനാണു ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു അടിയന്തരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ഭീതി പൊതു ഇടങ്ങളില്‍ വെളിവാകുന്നു. നവോഥാന പോരാട്ടങ്ങളുടെ വളക്കൂറുള്ള മണ്ണായ കേരളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതു ജനാധിപത്യ കേന്ദ്രങ്ങളെയാകെ നടുക്കത്തിലാക്കുന്നു.

നവോഥാന നായകരെ പോലും വര്‍ഗീയകോമരങ്ങളുടെ ആലയത്തില്‍ കുരുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില സാമുദായ നേതാക്കളുടെയും സ്വാര്‍ഥത താത്പര്യക്കാരുടെയും സഹായത്തോടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സാംസ്കാരിക പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ക്കു ചില കുത്തക മാധ്യമങ്ങള്‍ പോലും കൂട്ടു നില്‍ക്കുന്നു. എന്നാല്‍, ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും മതേതര കേരളം മുന്നോട്ടു വരുന്നു എന്നത് തികച്ചും ആശാവഹമാണ്. വര്‍ഗീയ ഫാസിസത്തിനെതിരേ കേരളമെങ്ങും മതസൌഹാര്‍ദ സദസുകളും ജനകീയ പ്രതിരോധവും ഉയര്‍ന്നുവരുന്നു. ഈ അവസരത്തിലാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രവാസി സാംസ്കാരിക സംഘം എന്ന നിലയില്‍ കല കുവൈത്ത് വര്‍ഗീയവിരുദ്ധ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വൈദ്യുതസഹകരണ മന്ത്രിയുമായ പിണറായി വിജയനു മുഖ്യാതിഥിയായി പങ്കെടുക്കുന്നു എന്നത് ആവേശകരമാണ്.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം അഞ്ചിനു അബാസിയ മറീന ഹാളില്‍ നടക്കുന്ന വര്‍ഗീയവിരുദ്ധ സമ്മേളനത്തില്‍ സഖാവ് പിണറായി വിജയനോടൊപ്പം കുവൈത്തിലെ പ്രമുഖ സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. കുവൈത്തിലെ വിവിധ മേഖലകളില്‍നിന്നു വാഹന സൌകര്യം ഉണ്ടാകുന്നതാണ്.

കല കുവൈത്ത് ഏറ്റെടുത്തു നടത്തി വരുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ഈ വര്‍ഗീയവിരുദ്ധ സമ്മേളനം വന്‍ വിജയമാക്കി മാറ്റാന്‍ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും അഭ്യര്‍ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: 67765810, 66863957, 97458105.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍