കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് വാര്‍ഷിക കണ്‍വന്‍ഷന്‍ നടത്തി
Saturday, September 26, 2015 8:43 AM IST
ഫിലാഡല്‍ഫിയ: കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് 36-ാം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഫിലാഡല്‍ഫിയായില്‍ നടത്തി. ഇംഗ്ളണ്ട്, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്നും നൂറു കണക്കിനു ഡോക്ടര്‍മാരും കുടുംബാംഗങ്ങളും മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ പങ്കെടുത്തു.

എംകെഎംജി പ്രസിഡന്റ് ഡോ. അലക്സ് തോമസിന്റെ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഡോ. സീമാ ജയ്ന്‍ മുഖ്യ പ്രഭാഷകയായിരുന്നു. ഡാളസില്‍ നിന്നുളള പ്രമുഖ ഡോക്ടര്‍ എം.വി. പിളളയും പ്രഭാഷണം നടത്തി.

ഇന്ത്യയില്‍നിന്നുളള 1,10,000 ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും യുഎസില്‍ ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്െടന്നും ഇതില്‍ വിദ്യാര്‍ഥികള്‍ മാത്രം 3,8,000 വരുമെന്നും ഡോ. സീമ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത എംപി ആന്റോ ആന്റണി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ആശുപത്രികള്‍ നടത്തിവരുന്ന ഡോ. ആസാദ് മൂപ്പന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഓണാഘോഷവും ഓണസദ്യയും ഒരുക്കിയിരുന്നു. സമാപന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റായി ഫ്ളോറിഡായിലെ ഫോര്‍ട്ട് ലോഡര്‍ ഡെയ്ലില്‍നിന്നുളള ഡോ. സുനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍