ഫാ. ഡേവിസ് ചിറമ്മലിനെ സൌത്ത് ഫ്ളോറിഡ മലയാളിസമൂഹം ആദരിച്ചു
Friday, September 25, 2015 5:28 AM IST
സൌത്ത് ഫ്ളോറിഡ: സ്വന്തം കിഡ്നി ദാനം ചെയ്തുകൊണ്ട് ജീവകാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിനെ സൌത്ത് ഫ്ളോറിഡ മലയാളി സമൂഹം ആദരിച്ചു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിലാണു ചടങ്ങ് സംഘടിപ്പിച്ചത്.

പുതിയ അവയവദാന സംസ്കാരത്തിലേക്ക് കേരളം മുന്നോട്ടുവരികയാണെന്നും അവയവദാനം അഭിമാനമായി മാറുകയാണെന്നും ഫാ. ഡേവിസ് ചിറമ്മല്‍ പറഞ്ഞു. ഈ മാനവികതയുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ലോകം കേരളത്തിലേക്കു വരും. കേരളത്തിലെ അശരണരായ കിഡ്നി രോഗികളെ സഹായിക്കാന്‍ പ്രവാസി മലയാളികള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ വൃക്കരോഗികള്‍ക്കു ഡയാലിസിസിനു സഹായം നല്‍കാന്‍ 'വണ്‍ ഡോളര്‍ റെവല്യൂഷന്‍' എന്ന മഹത്തായ പദ്ധതിക്കും ചടങ്ങില്‍ തുടക്കംകുറിച്ചു. അമേരിക്കന്‍ മലയാളികള്‍ ആഴ്ചയില്‍ ഒരു ഡോളറെന്ന കണക്കില്‍ ഒരുവര്‍ഷം 52 ഡോളര്‍ നല്‍കിയാല്‍ ഒരു വൃക്കരോഗിയുടെ ഒരാഴ്ചത്തെ ഡയലാസിസ് സൌജന്യമായി നല്‍കുകയെന്നതാണു പദ്ധതി.

ഫാ. ഡേവിസ് ചിറമേലിന്റെ 'വണ്‍ ഡോളര്‍ റെവല്യൂഷന്‍' പദ്ധതിക്കു സദസ് ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചു. പദ്ധതിയുടെ നടത്തിപ്പിലേക്ക് 'വണ്‍ ഡോളര്‍ റെവല്യൂഷന്‍ ഫോറം യുഎസ്എ' എന്ന സംഘടനയ്ക്കു രൂപം നല്‍കുവാനും തീരുമാനിച്ചു.

ചടങ്ങില്‍ പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ തൈമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോയി പൈങ്ങോലില്‍, ഇന്ത്യാപ്രസ്ക്ളബ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാനാ ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, കേരള സമാജം പ്രസിഡന്റ് സജി സക്കറിയാസ്, നവകേരള പ്രസിഡന്റ് എബി ആനന്ദ്, കൈരളി ആര്‍ട്സ് ക്ളബ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വര്‍ക്കി ഔസേഫ്, ഐ.എന്‍.ഒ.സി ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയില്‍ എന്നിവര്‍ സംസാരിച്ചു.

ഫാ. ഡേവിസ് ചിറമേലിനെ ആദരിച്ചുകൊണ്ട് പ്രസ്ക്ളബ് നല്‍കിയ പ്രശംസാഫലകം അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ് സമ്മാനിച്ചു. സെക്രട്ടറി ബിനു ചിലമ്പത്ത് സ്വാഗതവും, ജോയി കുറ്റ്യാനി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം