ട്രാസ്ക് 'മഹോത്സവം 2015' ഒക്ടോബര്‍ രണ്ടിന്
Tuesday, September 22, 2015 6:01 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടക്കുന്ന മഹോത്സവം 2015 ഒക്ടോബര്‍ രണ്ടിനു നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം അഞ്ചു മുതല്‍ അബാസിയ സെന്‍ട്രല്‍ ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി. പദ്മശ്രീ കുട്ടന്‍ മാരാര്‍ വിശിഷ്ടാതിഥിയായിരിക്കും. നടന്‍ കലാഭവന്‍ മണി നയിക്കുന്ന സ്റേജ് പ്രോഗ്രാം 'മണിക്കിലുക്കം' അരങ്ങേറും.

കുവൈത്തിലെ പ്രവാസജീവിതത്തില്‍ വിട്ടുപിരിഞ്ഞ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കായി 'കുടുംബ ജ്യോതി' എന്ന പദ്ധതിയെകുറിച്ചും തൃശൂര്‍ അസോസിയേഷന്‍ കുവൈത്ത് പ്രഖാപിച്ച പെന്‍ഷന്‍ പദ്ധതിയെകുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. കുവൈത്തിലെ ജോലി നഷ്ടപ്പെട്ടോ അല്ലെങ്കില്‍ പ്രവാസ ജീവിതം മതിയാക്കിയോ നാട്ടില്‍ പോകുന്ന അഞ്ചു വര്‍ഷം അംഗമായിരുന്നവര്‍ക്കാണു പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുക. തൃശൂര്‍ അസോസിയേഷന്‍ കുവൈത്ത് മുന്‍ വര്‍ഷങ്ങളില്‍ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധനരായുള്ള അംഗങ്ങളുടെ മക്കള്‍ക്കായി സങ്കേതിക വിദ്യഭ്യസം അല്ലെങ്കില്‍ തോഴിലധിഷ്ടിത വിദ്യഭ്യസത്തിനുവേണ്ടി ഇതുവരെ അഞ്ചു വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സമ്പൂര്‍ണമായി ഏറ്റെടുത്തെന്നും ഈ വര്‍ഷം ഒരു വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അതിലേക്കായി പുതിതായി ഒരു വിദ്യാര്‍ഥിയെ ഉള്‍പ്പെടുത്തുവാന്‍ ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചിരിക്കുകയാണെന്നും അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഹരി കുളങ്ങര, പ്രസിഡന്റ് മുരളി പുത്തൂര്‍, ജനറല്‍ സെക്രട്ടറി ഷിജു പൌലോസ്, ട്രഷറര്‍ സ്റീഫന്‍ ദേവസി, വൈസ് പ്രസിഡന്റും മഹോത്സവം പ്രോഗ്രാം കണ്‍വീനറുമായ അഷറഫ് കുന്നംകുളം, മീഡിയ കണ്‍വീനര്‍ ഹരി കുളങ്ങര എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍