കരിപ്പൂര്‍ എയര്‍പോര്‍ട്ട് നവീകരണം: മലബാര്‍ ഡെവലപ്മെന്റ് ഫോറം നല്‍കിയ നിവേദനം ഉമ്മന്‍ ചാണ്ടിക്കു കൈമാറി
Saturday, September 19, 2015 8:59 AM IST
ന്യൂയോര്‍ക്ക്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവള വികസനം താമസിപ്പിക്കരുതെന്നും ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് മലബാര്‍ ഡെവലപ്മെന്റ് ഫോറം നല്‍കിയ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിച്ചതായി യു.എ. നസീര്‍ അറിയിച്ചു.

പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍, കേരള ഡവലപ്മെന്റ് ഇനീഷ്യേറ്റീവ് (കെഡിഐ) ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ക്കു ന്യൂയോര്‍ക്കില്‍വച്ചാണു നിവേദനം നല്‍കിയത്.

ഡോ. ആസാദ് മൂപ്പനാണു നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറിയത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെഡിഐ സിഇഒ ഗോപകുമാര്‍, നിത്യാനന്ദ് കമ്മത്ത്, ടി.സി. അഹമ്മദ് എന്നിവരെക്കൂടാതെ സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

യു.എ. നസീര്‍, ഡോ. അബ്ദുള്‍ അസീസ്, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, അബ്ദു വെട്ടിക്കത്ത്, ഷാജിദ് അലി മുഹമ്മദ്, ആരിഫ് കളപ്പാടന്‍, സുല്‍ഫിക്കര്‍ ഹബീബ്, മുഹമ്മദ് നയീഫ്, ഷാമില്‍ കാട്ടുങ്ങല്‍ എന്നിവരാണു മലബാര്‍ ഡെവലപ്മെന്റ് ഫോറത്തെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്കിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഈ മാസം ആരംഭിക്കാനിരുന്ന നവീകരണ പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിന്റേയും അധികൃതരുടേയും നടപടിയില്‍ പ്രതിഷേധമറിയിക്കാനും എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കാനുമാണു ന്യൂയോര്‍ക്കില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. വിമാനത്താവള നവീകരണം, ക്ളീന്‍ കേരള മുതലായ പദ്ധതികളുടെ പൂര്‍ണ വിവരങ്ങളടങ്ങിയ നിവേദനമാണു ഫോറം നല്‍കിയത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ