നായര്‍ ബനവലന്റ് അസോസിയേഷന്‍ നടന്‍ ജയറാമിനെയും ഗായകന്‍ ഉണ്ണി മേനോനെയും ആദരിച്ചു
Friday, September 18, 2015 4:38 AM IST
ന്യൂയോര്‍ക്ക് : സെപ്റ്റംബര്‍ 12-നു (ശനിയാഴ്ച) വൈകുന്നേരം ന്യൂയോര്‍ക്കിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ ഹെഡ്ജ് ഇവന്റ്സുമായി സഹകരിച്ച് സംഘടിപ്പിച്ച ജയറാം ഷോ 2015 എന്ന പരിപാടി വന്‍ വിജയമായിരുന്നു. ഷോ വൈകുന്നേരം ആറിന് ആരംഭിച്ചു. നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ സ്വാഗതം ആശംസിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്നു അസോസിയേഷന്റെ വിമന്‍സ് ഫോറം, കലാ സതീഷിന്റെയും വനജ നായരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിര നയനമനോഹരമായിരുന്നു.

നടന്‍ ജയറാമിനെ എന്‍ബിഎ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചപ്പോള്‍ മുന്‍ പ്രസിഡന്റും ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജി.കെ. നായര്‍ പൊന്നാടയണിയിച്ചു. സുപ്രസിദ്ധ പിന്നണി ഗായകന്‍ ഉണ്ണി മേനോനെ പൊന്നാടയണിയിച്ച് ആദരിച്ചത് എന്‍ബിഎ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ ആയിരുന്നു. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍, ട്രഷറര്‍ സേതു മാധവന്‍, ജോയിന്റ് സെക്രട്ടറി നാരായണന്‍ നായര്‍, വനജ നായര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗോപിനാഥ് കുറുപ്പ്, എക്സ് ഒഫിഷിയോ രഘുവരന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണു ആദരിക്കല്‍ ചടങ്ങ് നടന്നത്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ട്രസ്റീ ബോര്‍ഡ് അംഗവുമായ ഗോപിനാഥ് കുറുപ്പ് ആണു ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തിയത്.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍