വിദ്യാജ്യോതി മലയാളംസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Friday, September 18, 2015 4:33 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'വിദ്യാജ്യോതി' മലയാളം സ്കൂളിന്റെ ഈ വര്‍ഷത്തെ ക്ളാസുകള്‍ സെപ്റ്റംബര്‍ പതിനൊന്നിനു ക്ളാര്‍ക്സ്ടൌണ്‍ സൌത്ത് ഹൈസ്കൂളില്‍ ആരംഭിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറയുടെ നേതൃത്വത്തിലും പരിചയസമ്പന്നരായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണവും കൊണ്ട് ഈ വര്‍ഷവും വളരെ ഭംഗിയായി ക്ളാസുകള്‍ നടത്താന്‍ കഴിയുന്നു എന്നു ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അറിയിച്ചു. മലയാളം സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലായി തോമസ് മാത്യുവും, കോ-ഓര്‍ഡിനേറ്ററായി ജോജോ ജെയിംസും പ്രവര്‍ത്തിക്കുന്നു.

സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളില്‍ ഡോ. ആനി പോള്‍, ജോമോന്‍ മാത്യു, മഞ്ജു മാത്യു, മറിയാമ്മ നൈനാന്‍, പോള്‍ കറുകപ്പിള്ളില്‍, സജി സ്കറിയ എന്നിവര്‍ സജീവമായി മുഴുകിയിരിക്കുന്നു.

എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് എഴിനു നടക്കുന്ന മലയാളം ക്ളാസിനോടോപ്പം യോഗാ ക്ളാസും ആരംഭിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ ടോമി ജേക്കബ്ബ് ആണ് യോഗ പഠിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍