ഏബ്രഹാം തോമസിനെ ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നു
Friday, September 18, 2015 1:39 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം പ്രിന്റ്, ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളും വാര്‍ത്തകളും എഴുതുന്നതില്‍ പ്രാവീണ്യം നേടിയിട്ടുളള വ്യക്തിയുമായ ഏബ്രഹാം തോമസിനെ നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളനത്തില്‍ ആദരിക്കുമെന്നു പ്രസിഡന്റ് ടാജ് മാത്യു അറിയിച്ചു.

ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ അംഗമായ ഏബ്രഹാം തോമസിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്നു ചാപ്റ്റര്‍ ജനറല്‍ ബോഡിയോഗമാണ് ദേശീയ കമ്മിറ്റിയില്‍ നിര്‍ദേശം വച്ചത്. ഇര്‍വിംഗ് ഇന്ത്യന്‍ റസ്ററന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഷിക്കാഗോ ദേശീയ സമ്മേളനം വന്‍ വിജയമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊള്ളാന്‍ തീരുമാനിച്ചു.

ചാപ്റ്ററിനു പുതുതായി ആരംഭിക്കുന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നിര്‍വഹിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അറിയിച്ചു. സെക്രട്ടറി ബിജിലി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, വൈസ് പ്രസിഡന്റ് പി.പി. ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ സ്വാഗതവും ടി.സി. ചാക്കോ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി