ഇന്ത്യന്‍ യുഎഇ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍ മല്‍സരങ്ങള്‍
Wednesday, September 16, 2015 8:12 AM IST
അബുദാബി: ഇന്ത്യയിലെയും യുഎഇയിലെയും മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ ആഷസ് ട്വന്റി-20 ക്രിക്കറ്റ്, ഫുട്ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ഷെട്ടി.

അബുദാബി, ദുബായി, ഷാര്‍ജ എന്നിവിടങ്ങളിലായി 19 മുതല്‍ ഒരാഴ്ചയാകും മല്‍സരങ്ങള്‍. മുംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ജേര്‍ണലിസ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ മത്സരത്തിനെത്തുന്നത്. യുഎഇയിലെ ഇന്ത്യന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റുകള്‍ മല്‍സരത്തിനു ആതിഥ്യം വഹിക്കും.

19നു (ശനി) അബുദാബി സായിദ് ക്രിക്കറ്റ് സ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. 20ന് ദുബായ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൌണ്‍സില്‍ അക്കാദമി ഗ്രൌണ്ടിലും 22ന് ഷാര്‍ജ ക്രിക്കറ്റ് സ്റേഡിയത്തിലും ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കും. അബുദാബി അല്‍ ജസീറ മുഹമ്മദ് ബിന്‍ സായിദ് സ്റേഡിയത്തിലാണു ഫുട്ബോള്‍ മല്‍സരം.

യുഎഇ മാധ്യമ പ്രവര്‍ത്തക ടീമിനെ അമിദ് പാസേലയും (ദി നാഷനല്‍ ദിനപത്രം), ഇന്ത്യന്‍ ടീമിനെ സഞ്ജീവ് സംയാല്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്) നയിക്കും.

പത്രസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഡി. പ്രശാന്ത്, സതീഷ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള