ഹാര്‍മണി ഫെസ്റിവല്‍ കലാപ്രതിഭകളുടെ സംഗമ വേദിയായി
Tuesday, September 15, 2015 8:17 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള കലാമത്സരങ്ങളായ ഹാര്‍മണി ഫെസ്റിവല്‍ പ്രൌഡഗംഭീരമായി.

ഫെസ്റിവലിന്റെ ഉദ്ഘാടനം എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ഡാനിയേല്‍ ജോര്‍ജ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിലെ വൈദികരും കൌണ്‍സില്‍ ഭാരവാഹികളും ഹാര്‍മണി ഫെസ്റിവല്‍ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു.

എക്യുമെനിക്കല്‍ സഭകളിലെ വിവിധ ഇടവകകളില്‍ നിന്നായി നൂറോളം പ്രതിഭകള്‍ വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചു. സെപ്റ്റംബര്‍ 12നു (ശനി) രാവിലെ ഒമ്പതു മുതല്‍ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമത്സരങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

കുട്ടികളിലെ വിവിധ പ്രായത്തിലുള്ളവര്‍ക്കായി പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, പ്രസംഗം, ഉപകരണ സംഗീതം, ഫാന്‍സി ഡ്രസ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ മെമ്മെറി വേഴ്സ് തുടങ്ങിയ ഇനങ്ങളിലും പാട്ട്, ഡാന്‍സ് എന്നിവയ്ക്കായി ഗ്രൂപ്പ് ഇനങ്ങളിലും വാശിയേറിയ മത്സരങ്ങള്‍ നടന്നു. വിവിധ സണ്‍ഡേ സ്കൂളുകളെ പ്രതിനിധീകരിച്ചെത്തിയ കലാപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങള്‍ക്ക് ഹാര്‍മണി ഫെസ്റില്‍ സാക്ഷിയായത്.

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം വിതരണം ചെയ്തു. വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ട്രോഫികള്‍ സമ്മേളനത്തില്‍ സമ്മാനിച്ചു.

റവ. ഷൈന്‍ മാത്യു (ചെയര്‍മാന്‍), മറിയാമ്മ പിള്ള (കണ്‍വീനര്‍), റവ. ബിനോയ് ജേക്കബ്, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍, അച്ചന്‍കുഞ്ഞ് മാത്യു, ആന്റോ കവലയ്ക്കല്‍, ബെന്നി പരിമണം, ജോജോ മാത്യു, സിനില്‍ ഫിലിപ്പ്, ഡന്‍സി മാത്യു, ആഗ് നസ് തെങ്ങുംമൂട്ടില്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിക്കൊപ്പം കൌണ്‍സില്‍ ഭാരവാഹികളും കൌണ്‍സില്‍ അംഗങ്ങളും ഫെസ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോയിച്ചന്‍ പുതുക്കുളം ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം