ഡാളസ് സൌഹൃദ വേദി ഓണാഘോഷം നടത്തി 
Saturday, September 12, 2015 9:06 AM IST
ഡാളസ്: സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമായ ഓണം ജാതി-മത-ഭേദമെന്യെ ഡാളസിലെ പ്രവാസികളുടെ ഒത്തുചേരലിന്റെ ആഘോഷമാക്കി ഡാളസ് സൌഹൃദ വേദി മറ്റു സംഘടനകള്‍ക്കു മാതൃകയായി.

സെപ്റ്റംബര്‍ ഏഴിനു കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പ്രസിഡന്റ് ഗോപാല പിള്ള, റാന്നി സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. റെജി കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡാളസ് സൌഹൃദ വേദി പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാബു ജോര്‍ജ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായ ഗോപാല പിള്ള, പ്രഫ. റെജി കുര്യാക്കോസ് എന്നിവര്‍ ഓണ സന്ദേശം നല്‍കി. ഏബ്രഹാം തെക്കേമുറി (പ്രസിഡന്റ്, കെഎല്‍എസ്), ജോണ്‍സന്‍ തലച്ചല്ലൂര്‍ (ഡബ്ള്യുഎംസി), സാറ ചെറിയാന്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. 

മാവേലിയുടെ എഴുന്നള്ളപ്പോടെ കലാ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. സുകു വര്‍ഗീസ്, ഷീന അലക്സ് തുടങ്ങിയവരുടെ ഓണപ്പാട്ടും ഡാളസിലെ പ്രശസ്തരായ തിരുവാതിര ടീമിന്റെ ഡാന്‍സും നടാഷ കൊക്കൊടിലിന്റെ ക്ളാസിക്കല്‍ നൃത്തം, റിഥം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പുതുമയേറിയ നൃത്തങ്ങളും നിഷ ജേക്കബ് അവതരിപ്പിച്ച കഥാപ്രസംഗം, ഓണസദ്യ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

സുകു വര്‍ഗീസ് പ്രോഗ്രാം ചെയര്‍മാനായുള്ള ഓണാഘോഷ പരിപാടിയില്‍ നിഷ ജേക്കബ് മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍