ഖിഫ് വെസ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ഫുട്ബാള്‍ മഹോത്സവം സെപ്റ്റംബര്‍ 17ന്
Friday, September 11, 2015 6:32 AM IST
ദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെ (ക്യുഎഫ്എ) സഹകരണത്തോടെ ഒമ്പതാമത് ഖിഫ് വെസ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് കേരള ഇന്റര്‍ ഡിസ്ട്രിക് ഫുട്ബാള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 17ന്(വ്യാഴം) ആരംഭിക്കും.

കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ദോഹ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലാണു മത്സരം.

പോയ വര്‍ഷങ്ങളില്‍ ഖിഫിന്റെ ടൂര്‍ണമെന്റുകള്‍ക്ക് ലഭിച്ച വര്‍ധിച്ച ജനപിന്തുണ ഈ വര്‍ഷത്തെ ഫുട്ബാള്‍ മഹോത്സവത്തിന്റെ മാറ്റുകൂട്ടൂം.

പ്രവാസികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള കായിക വിനോദമായ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് 2007ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഖിഫെന്ന പ്രവാസ കൂട്ടായ്മയാണു ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കര്‍മപരിപാടികളിലൂടെ ഖത്തറിലെ ഫുട്ബാള്‍ പ്രേമികളുടെ മനസിലിടം പിടിച്ചത്.

പ്രവാസികളാകാന്‍ നിര്‍ബന്ധിതരായ ഫുട്ബാള്‍താരങ്ങളെ നിലനിര്‍ത്താനും അവര്‍ക്ക് അന്തര്‍ദേശീയ നിലവാരമുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കുക, മറ്റു രാജ്യങ്ങളിലെ കളിക്കാരുമായി മത്സരിക്കാന്‍ സഹചര്യമൊരുക്കുക, പ്രവാസികള്‍ക്കിടയില്‍ ജാതി-മത-കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വീകര്യമായ ഫുട്ബാള്‍ സംഘാടനത്തിലൂടെ മത സൌഹാര്‍ദം, സാഹോദര്യം ഊട്ടിയുറപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണു ക്വിഫ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നത്.

ഖിഫിന്റെ ടൂര്‍ണമെന്റ് വിജയത്തില്‍നിന്നു ലഭ്യമാകുന്ന വിഹിതം വിനിയോഗിച്ച് ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്. 2012 ലെ ടൂര്‍ണമെന്റ് വിജയത്തിന്റെ വിഹിതത്തില്‍നിന്നു പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീന്‍ നല്‍കാനും 2014 ന്റെ വിജയ വിഹിതത്തില്‍നിന്നു വയനാട് ജില്ലാ ആശുപത്രിക്കു ഡയാലിസിസ് മെഷീന്‍ നല്‍കാനും സാധിച്ചിട്ടുണ്ട്. കേരളത്തിലെ വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ ഖത്തറിലേക്ക് ക്ഷണിച്ച് അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കാനും പോയ വര്‍ഷങ്ങളില്‍ ഖിഫിനു കഴിഞ്ഞു.

നാട്ടിലേയും ഖത്തറിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ കഴിഞ്ഞ മേളകളില്‍ ഖിഫിന്റെ ടൂര്‍ണമെന്റ്ുകളില്‍ പങ്കെടുത്തത് പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നു. ഇന്ത്യന്‍ എമ്പസിയുടെയും ഇന്ത്യന്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റേയും പിന്തുണ ഖിഫിന്റെ സംരംഭങ്ങള്‍ക്കുണ്ടാവുന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

ഇന്ത്യന്‍ സമൂഹത്തിനു ഫുട്ബാളിനോടുള്ള അഭിനിവേശം അദ്ഭുതപ്പെടുത്തുന്നതാണെന്നും അവരുടെ സംഘാടനപാടവം അഭിനന്ദനാര്‍ഹമാണെന്നും ക്യുഎഫ്എ എക്സിക്യൂട്ടീവ് ഡയറക്ടറും ഓപ്പറേഷന്‍സ് മാനേജരുമായ ഹമദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.

ഖ്വിഫിന്റെ ഫുട്ബാള്‍ മേളയ്ക്കു പിന്തുണ നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്െടന്നും ഖത്തറിലെ ഫുട്ബാള്‍ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായ സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി. ഹമീദ് പറഞ്ഞു.

ക്യുഎഫ്എ സ്പോണ്‍സര്‍ഷിപ്പ് ഓഫീസര്‍ ജമാല്‍ ദര്‍ജാനി, ഖ്വിഫ് പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍, ഡോ. വണ്ടൂര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര