കനിവ് സാംസ്കാരിക വേദി ഓണാഘോഷം നടത്തി
Wednesday, September 9, 2015 8:05 AM IST
ദമാം: അല്‍കോബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കനിവ് സാംസ്കാരിക വേദി വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കായിക മത്സരങ്ങളോടെ പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

വൈകുന്നേരം ഏഴിനു നടന്ന പൊതുസമ്മേളനം സീരിയല്‍ താരങ്ങളായ ബിശ്വാസും (ബാലഗണപതി ഫെയിം), കലാഭവന്‍ നസീബും (അമ്മ ഫെയിം) ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ബേബി അധ്യക്ഷത വഹിച്ചു. ജോര്‍ജ് നെറ്റോ, ഷിബു ഉണ്ണൂണി, ബിനോയ് കോശി, ഷാജി വി. മാത്യു, എം.കെ. അലക്സാണ്ടര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ചടങ്ങില്‍ സീരിയല്‍ താരങ്ങളായ ബിശ്വാസിന് ബിനോയിയും കലാഭവന്‍ നസീബിന് മാധ്യമപ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരും (മംഗളം) സംഘടനയുടെ ഉപഹാരം നല്‍കി ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റോയ് കുര്യന്‍ സ്വാഗതവും ഷിജു ജോണ്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ആര്‍ഷ അനില്‍, ആര്‍ദ്ര ബാബു എന്നിവരുടെ സംഗീത ശില്‍പ്പം, ടാനിയയും സംഘവും അവതരിപ്പിച്ച തിരുവാതിര അല്‍ബി, ജോമോന്‍, ജോയല്‍, എബി തുടങ്ങിയവരുടെ സിനിമാറ്റിക് ഡാന്‍സ്, ജോമോന്‍, നൈമ ബാബു, അനുഭവ് ബാബു എന്നിവരുടെ സംഗീതവും ജോസ് തോമസ് അവതരിപ്പിച്ച കവിതയും കലഭാവന്‍ നസീബിന്റെ മിമിക്സും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ഓണാഘോഷങ്ങളുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

സന്തോഷ്, ബിജു വര്‍ഗീസ്, ജോബി സന്തോഷ്, മനോജ് പുവേലി,ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം