കരിപ്പൂര്‍ വിമാനതാവളം സംരക്ഷിച്ച് നിര്‍ത്താന്‍ പ്രവസികള്‍ പ്രക്ഷോഭത്തിലേക്ക്
Tuesday, September 8, 2015 9:18 AM IST
ദുബായി: മലബാര്‍ ഡെവലപ്മെന്റ് ഫോറവും കാലിക്കട്ട് ചേംബര്‍ ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം വിജയിപ്പിക്കുക, വിമാനത്താവളം ഇല്ലതാക്കാനുള്ള നിഗൂഢ നീക്കതിനെതിരെ സംഘടിക്കുക എന്നീ ഉദ്യമങ്ങളോടെ കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ സമിതി രൂപീകരിച്ചു.

റണ്‍വേ നവീകരണത്തിനെന്ന പേരില്‍ ഭാഗികമായി അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്െടന്ന് പരക്കെ ആശങ്കയുണ്ട്. പുതിയ ഭൂമിയേറ്റെടുത്ത് റണ്‍വേ വികസിപ്പിച്ചാലല്ലാതെ ഇനി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിയും പറയുന്നു. പുതിയ സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ ഒരു തരത്തിലുള്ള ശ്രമവും നടത്തുന്നില്ല. കരിപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹജ്ജ് ഹൌസ് ഒഴിവാക്കി നെടുമ്പാശേരിയില്‍ സ്ഥിരം ഹജ്ജ് ഹൌസ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തുകയും ചെയ്തു. റണ്‍വേ നവീകരണം എന്ന് തുടങ്ങുമെന്ന കാര്യം ഇപ്പോഴും അധികൃതര്‍ വ്യക്തമാക്കുന്നുമില്ല. ഇതോടെ കരിപ്പൂര്‍ വിമാനത്താവളം ഏറ്റവും പരിതാപകരമായ സ്ഥിതിയിലേക്കാണ് പോകുന്നതെന്നു വ്യക്തമായിരിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണു പ്രക്ഷോഭ പരിപാടികളുമായി പ്രവാസികളും കുടുംബങ്ങളും തെരുവിലിറങ്ങാന്‍ നിര്‍ബന്ധമായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇതിനായി കരിപ്പൂര്‍ സംരക്ഷണം ഉറപ്പു വരുത്താന്‍ ഒരു സ്ഥിരം സമിതി രൂപീകരിച്ചു. അഡ്വ. സാജിത് അബൂബക്കര്‍, എരോത്ത് റഫീഖ് എന്നിവര്‍ സമിതിയെ നയിക്കും. അന്‍വര്‍ നഹ, ടി.പി. സുധീഷ്, സഹദ് പുറക്കാട്, ഇ.കെ. പ്രദീപ്, ഫൈസല്‍ മലബാര്‍ ഗ്രൂപ്പ്, ഹാരീസ് നീലാമ്പറ, അബ്ദുള്‍ കാദര്‍ പനക്കാട്, അഡ്വ. ആഷിക്, ബി.എ. നാസര്‍ തുടങ്ങി പ്രവാസി പൊതുമണ്ഡലത്തിലുള്ള പ്രമുഖര്‍ സംസാരിച്ചു. എം.കെ. യൂസഫലി, ആസാദ് മൂപ്പന്‍, രവി പിള്ള തുടങ്ങി പ്രവാസലോകത്തെ ഉന്നത വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനും കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗത്തില്‍ തീരുമാനമായി. അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും അന്‍സാരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ് മത്തുള്ള തൈയില്‍