ഡോ. ജോര്‍ണാര്‍ട്സ് കലാഭവന്‍ യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംനേടി
Tuesday, September 8, 2015 9:07 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത മലയാളി ചിത്രകാരന്‍ ജോര്‍ണാര്‍ട്സ് കലാഭവന്‍ യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംനേടി. നേരത്തേ ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡിലും ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡിലും അസിസ്റന്റ് വേള്‍ഡ് റിക്കാര്‍ഡിലും അദ്ദേഹം ഇടം നേടിയിരുന്നു. ലോകത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 530 ഓളം പ്രമുഖ വ്യക്തികളുടെ കാരിക്കേച്ചറുകള്‍ വാട്ടര്‍ മീഡിയായില്‍ (100 ഃ 70)വരച്ച് അവര്‍ക്ക് വിവിധ വേദികളില്‍ സമ്മാനിച്ചതു പരിഗണിച്ചാണ് ഇപ്പോള്‍ യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം ലഭിച്ചത്. നേരത്തേ അമേരിക്കയിലെ വേള്‍ഡ് റിക്കാര്‍ഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ക്കൂടിയാണ് ജോര്‍ണാര്‍ട്സ്.

ചിത്രകലയില്‍ ബിരുദാനന്തബിരുദം നേടിയ ജോര്‍ണാര്‍ട്സ് കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സത്യദീപം മാസികയില്‍ ഇല്ലസ്ട്രേഷന്‍ ആര്‍ട്ടിസ്റായും കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡ്രോയിംഗ് അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1992 ല്‍ കുവൈത്തിലെത്തിയ ചേര്‍ത്തല സ്വദേശിയായ തൈകള്‍കളത്തില്‍ ജോണ്‍ എന്ന ജോര്‍ണാര്‍ട്സ് ഏഴു വര്‍ഷക്കാലം കുവൈത്ത് കൊട്ടാര ചിത്രകാരനായും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഡ്രോയിംഗ് അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1994 ല്‍ ഷെയ്ഖ മജിത അല്‍ നവാഫില്‍ നിന്ന് സ്വര്‍ണ മെഡലും ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയും കുവൈത്തിലെ ഏകദേശം 30 ഓളം സംഘടനകളും വിവിധ കാലങ്ങളിലായി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി കുവൈത്തിലെ അബാസിയായിലെ ചിത്രകലാ പരിശീലന കേന്ദ്രം നടത്തുന്ന ജോര്‍ണാര്‍ട്സ് ഇതിനകം 7200 ഓളം ശിഷ്യഗണങ്ങളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ഫര്‍വാനിയായ ആശുപത്രിയിലെ സ്റാഫ് നഴ്സ് മോളിയാണു ഭാര്യ. മക്കള്‍: ജോമോന്‍, ജോമിന്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍