ഫിലാഡല്‍ഫിയയില്‍ പ്രീ കാനാ കോഴ്സ് സമാപിച്ചു
Saturday, September 5, 2015 5:20 AM IST
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരും വിവാഹത്തിനു തയാറെടുത്തുകൊണ്ടിരിക്കുന്നവരുമായ യുവതീയുവാക്കള്‍ ക്കായി ഷിക്കാഗോ സീറോ മലബാര്‍ രൂപത ഫാമിലി അപ്പസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയം നടത്തിയ മൂന്നു ദിവസത്തെ വിവാഹ ഒരുക്ക സെമിനാര്‍ സമാപിച്ചു.

ഓഗസ്റ് 28നു (വെള്ളി) വൈകുന്നേരം മുതല്‍ 30 (ഞായര്‍) വരെ മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലനപരിപാടി നോര്‍ത്തീസ്റ് ഫിലാഡല്‍ഫിയായില്‍ ഫാ. ജഡ്ജ് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്സ് ഓഫ് ദി മോസ്റ് ബ്ളസഡ് ട്രിനിറ്റി ധ്യാനകേന്ദ്രത്തിലായിരുന്നു ക്രമീകരിച്ചത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 26 യുവതീയുവാക്കള്‍ പരിശീലനപരിപാടിയില്‍ പങ്കെടുത്തു.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്കു വിവാഹ ജീവിതത്തില്‍ വിജയം കണ്െടത്തുന്നതിനും കൂടുതല്‍ സന്തോഷപ്രദമായും ദൈവികപരിപാലനയോടെയും വിവാഹ ജീവിതം മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചാക്ളാസുകള്‍, വീഡിയോ ഉപയോഗിച്ചുള്ള പഠനം, കേസ് സ്റഡീസ്, പ്രഭാഷണങ്ങള്‍, അനുഭവം പങ്കുവയ്ക്കല്‍, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ആരാധന, കൌണ്‍സലിംഗ് എന്നിവയാണു മൂന്നുദിവസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രശസ്തരും പ്രഗല്ഭരുമായ വ്യക്തികളാണു ക്ളാസുകള്‍ നയിച്ചത്. ഷിക്കാഗോ സീറോ മലബാര്‍ രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സണ്‍ഡേസ്കൂള്‍ അധ്യാപകരായ ഡോ. ജയിംസ് കുറിച്ചി, ജോസ് മാളേയ്ക്കല്‍, സോബി ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, ഡോ. ഏബ്രാഹം മാത്യു (ഡോ. മനോജ്), ലവ്ലി ജോസ്, ജോസ്മോന്‍ ഏബ്രാഹം എന്നിവരാണു യുവജനങ്ങള്‍ക്കു പരിശീലനം നല്‍കിയത്. ജോസ് ജോസഫ് കോഴ്സ് കോ-ഓര്‍ഡിനേറ്ററായിരുന്നു.

ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുമ്പു നിര്‍ബന്ധമായും ഈ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

ഷിക്കാഗോ സീറോ മലബാര്‍ രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി കോഴ്സിനു മേല്‍നോട്ടം വഹിച്ചു. ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, കോഓര്‍ഡിനേറ്റര്‍ ജോസ് ജോസഫ് എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.