ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി
Friday, September 4, 2015 5:28 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഓഗസ്റ് 29 ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ സ്പ്രിംഗ്വാലിയിലുള്ള കാക്കിയാട്ട് എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് തിരുവോണം ആഘോഷിക്കുകയുണ്ടായി. ഉച്ചയ്ക്ക് പന്ത്രണ്ടിനു വിഭവസമൃദ്ധമായ സദ്യ ആരംഭിച്ചു. ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്ററന്റ് ആണു ഓണ സദ്യ തയാറാക്കി വിളമ്പിയത്. ഗ്രേസ് വെട്ടം ഒരുക്കിയ അതിമനോഹരമായ പൂക്കളം ഏവരെയും ആകര്‍ഷിച്ചു.

സദ്യയ്ക്കുശേഷം താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും, ജോയിസ് വെട്ടം നയിച്ച ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ എതിരേറ്റു ഘോഷയാത്രയായി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. മാവേലിയായി വേഷമിട്ടുവന്ന തമ്പി പനക്കല്‍ ഓണാശംസകള്‍ നേര്‍ന്നതിനെ തുടര്‍ന്നു ജോയിന്റ് സെക്രട്ടറി അജിന്‍ ആന്റണി ആമുഖമായി സംസാരിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ലൊറീന മാത്യു അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, മുഖ്യാതിഥി ഡോ. നിഷാ പിള്ള, മാവേലിയുടെ വേഷത്തില്‍ എത്തിയ തമ്പി പനക്കല്‍, ജോയിന്റ് സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ജോണ്‍ ദേവസ്യ , ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍, വിദ്യാജ്യോതി മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പ്രസിഡന്റ് ഷാജിമോന്‍ വെട്ടം എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഓണത്തിന്റെ സര്‍വമംഗളങ്ങളും നേരുകയും ചെയ്തു.

മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന സുപ്രസിദ്ധ ഹൃദ്രോഗവിദഗ്ധ ഡോ. നിഷാ പിള്ളയെ ജയശ്രീ നായര്‍ സദസിനു പരിചയപ്പെടുത്തി. ഡോ. നിഷാ പിള്ള ഓണത്തെക്കുറിച്ച് വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം നടത്തി. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരളജ്യോതിയുടെ ഒരു പ്രതി, ഫാ. തദേവൂസ് അരവിന്ദത്ത് മുഖ്യാതിഥിയായ ഡോ. നിഷാ പിള്ളയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കുകയുണ്ടായി. ചീഫ് എഡിറ്റര്‍ തമ്പി പനയ്ക്കലിനോടൊപ്പം എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചത് ഫിലിപ്പോസ് ഫിലിപ്പ്, മത്തായി ചാക്കോ, ലൈസി അലക്സ് എന്നിവരാണ്. ചീഫ് എഡിറ്റര്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സാങ്കേതിക സഹായം ചെയ്തുതന്ന ജയിംസ് ഇളംപുരയിടത്തിലിനും ജയപ്രകാശ് നായര്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.

വിശ്വനാഥന്‍ കുഞ്ഞുപിള്ള നയിച്ച ആവേശമുണര്‍ത്തിയ വള്ളം കളി, തമ്പി പനക്കല്‍ നയിച്ച ലഘു ഹാസ്യ നാടകം, ലൈസി അലക്സ് നയിച്ച തിരുവാതിര എന്നിവ പരിപാടികളില്‍ മികച്ച നിലവാരം പുലര്‍ത്തി. റ്റിന്റു ഫ്രാന്‍സിസ്, സജി ചെറിയാന്‍, ജിയാ വിന്‍സന്റ്, ലൊറേന മാത്യു, സാബു ഇത്താക്കന്‍, ജോബി കിടാരം എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അഞ്ജലി വെട്ടം, ആന്‍സലിന്‍ മാത്യു, ഇവാനിയ മാത്യു, സാവന്നാ തോമസ്, നേഹ റോയ്, റിയ കണ്ടങ്കുളത്തി, അലീന റോസ്, റ്റിയ എബ്രഹാം, സാനിയ ചാക്കോ, അബിഗേല്‍ റെജി, എലിസബത്ത് കളപ്പുര എന്നിവര്‍ നൃത്തച്ചുവടുകള്‍ വച്ച് സന്നിഹിതരായിരുന്നവരുടെ പ്രശംസ പിടിച്ചുപറ്റി. മേരിക്കുട്ടി പൌലോസ് കവിത ആലപിച്ചു.

അജിന്‍ ആന്റണി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. എംസിമാരായി കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജയശ്രീ നായരും അജിന്‍ ആന്റണിയും പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍