'സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്' അനുസ്മരണ പരിപാടി ഓഗസ്റ് 28ന്
Monday, August 24, 2015 6:42 AM IST
ദുബായി മലപ്പുറം ജില്ലാ കെഎംസിസി 'സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്' എന്ന തലക്കെട്ടില്‍ എല്ലാ വര്‍ഷവും അനുസ്മരണ പരിപാടി സംഘടിപ്പിക്കാന്‍ തിരുമാനമായി. അതിന്റെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ് 28നു (വെള്ളി) രാത്രി ഏഴിനു ദുബായി കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടി യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയിദ് അലി അല്‍ ഹാഷിമി ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സയിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായിരിക്കും. അഡ്വ. കെ.എന്‍.എ. ഖാദര്‍ എംഎല്‍എ 'സയിദ് ശിഹാബ് - മാനവികതയുടെ ഉപാസകന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, അറബ് പ്രമുഖര്‍, യുഎഇയിലെ വ്യാപാര വ്യവസായ പ്രമുഖര്‍, ഇതര സംഘടനാ നേതാക്കള്‍, കേന്ദ്ര-സംസ്ഥാന കെഎംസിസി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മത സൌഹാര്‍ദ്ദത്തിന്റെ കാവല്‍ഭടനായി നിലകൊള്ളുകയും അതിനായി ജീവിക്കുകയും ചെയ്ത ശിഹാബ് തങ്ങള്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കലുഷിതമായ അന്തരീക്ഷത്തില്‍ നാടിനെ ഉലയാതെ നോക്കിയത് എല്ലാവര്‍ക്കുമറിയാം. പാണ്ഡിത്യം കൊണ്ടും അചഞ്ചലമായ നേതൃപാടവം കൊണ്ടും ജാതി-മത ഭേദമെന്യേ നേതൃത്വം നല്‍കുകയും ദിശയറിയാതെ സഞ്ചരിച്ചിരുന്ന ഒരു സമൂഹത്തെ നേര്‍വഴിയിലൂടെ നയിക്കുകയും ചെയ്ത ശിഹാബ് തങ്ങളുടെ ജീവിത ദര്‍ശനത്തെയും സാഹോദര്യ മഹിമയെയും ലോകത്തിനു പരിചയപ്പെടുത്തുകയാണു പരിപാടിയുടെ ലക്ഷ്യം.

സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് 2015 നോടനുബന്ധിച്ച് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ നാമധേയത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തീര-മലയോര പ്രദേശങ്ങളിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിക്കും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇ.പി. മൂസ ഹാജി (ചെയര്‍മാന്‍, ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസ്), പ്രദീപ്കുമാര്‍ പത്മനാഭന്‍ (ചെയര്‍മാന്‍, റൊമാന ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ. സാബു ആന്റണി എന്നിവരെ ചടങ്ങില്‍ ആദരിക്കും. കുടുംബ ജീവിതം ശിഥിലമാവുന്നതിനെ തടഞ്ഞുനിര്‍ത്തുന്നതിനും ആരോരുമില്ലാതെ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ച് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനും കാളികാവിലെ അടക്കാക്കുണ്ടില്‍ തുടക്കം കുറിച്ച ഹിമ കെയര്‍ ഹോമിനുവേണ്ടി ഒരു അഭയ ഭവനവും നിര്‍മിക്കും.

'സയിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷയത്തില്‍ മലപ്പുറം ജില്ലാ കെഎംസിസിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് ഗ്രൂപ്പിലൂടെ പ്രബന്ധ മത്സരവും ഒരുക്കിയിട്ടുണ്െടന്ന് പി.കെ. അന്‍വര്‍ നഹ (ദുബായി കെഎംസിസി പ്രസിഡന്റ്), ഇ.ആര്‍. അലി മാസ്റര്‍ (മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ്), പി.വി. നാസര്‍ (മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി), മുസ്തഫ വേങ്ങര (മലപ്പുറം ജില്ലാ ട്രഷറര്‍), നിഅ്മത്തുല്ലാഹ് മങ്കട (കെഎംസിസി മീഡിയ വിംഗ് ചെയര്‍മാന്‍), ബി.പി. അബൂബക്കര്‍ അങ്ങാടി, കുഞ്ഞിമോന്‍ എരമംഗലം, ഒ.ടി. സലാം, കരീം കാലടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍