സ്വാതന്ത്യ്രദിന പരേഡില്‍ പങ്കെടുത്ത കേരള ഫ്ളോട്ടിന് ഐഎന്‍ഒസി ഷിക്കാഗോ നേതൃത്വം നല്‍കി
Monday, August 17, 2015 8:02 AM IST
ഷിക്കാഗോ: ഡിവോണ്‍ അവന്യൂവില്‍ നടന്ന ഭാരതത്തിന്റെ 69-ാമത് സ്വാതന്ത്യ്രദിന പരേഡില്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച ഫ്ളോട്ടിന് ഐഎന്‍ഓസി മിഡ് വെസ്റ് റീജണ്‍ ഷിക്കാഗോ നേതൃത്വം നല്‍കി. എഫ്ഐഎയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്താറുളള സ്വാതന്ത്യ്രദിന പരേഡിന്റെ ഭാഗമായി ഇക്കൊല്ലവും ഷിക്കാഗോയിലെ മഹാത്മാഗാന്ധി റോഡിലൂടെ നൂറുകണക്കിനു പുഷ്പാലംകൃതമായ ഫ്ളോട്ടുകള്‍ അണി നിരന്നു. വിവിധ കലാമേളങ്ങളോടെ അരങ്ങേറിയ റാലിയില്‍ ഐഎന്‍ഒസി മിഡ് വെസ്റ് റീജണ്‍ നയിച്ച രഥം കൊടിതോരണങ്ങളാല്‍ അലംകൃതമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്ന നയന മോഹനമായ കാഴ്ച തെരുവിന്റെ ഇരുവശത്തും അണിനിരന്ന പതിനായിരങ്ങള്‍ക്ക് ഹരമായി.

സ്വതന്ത്ര ഭാരത്തിന്റെ മക്കള്‍ ഒത്തൊരുമിക്കുന്ന ഈ സുദിനത്തില്‍ മാതൃരാജ്യത്തിന്റെ ഓര്‍മകള്‍, നമുക്കു ജന്മം നല്‍കി നമുക്കു വേണ്ട ഭവനം, ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി എല്ലാം നല്‍കി ശത്രു രാജ്യങ്ങളുടെ ഭീക്ഷണികളില്‍ അടിപതറാതെ പടപൊരുതി അതിജീവിച്ച് നീണ്ട 69 വര്‍ഷങ്ങള്‍ നമുക്കു സമ്മാനിച്ച മധുര സുന്ദരദിന രാത്രങ്ങള്‍ സ്വാര്‍ഥതയോടെ നുകര്‍ന്നാസ്വദിക്കുമ്പോള്‍, ഒരു നോക്ക് പിന്നോട്ടു നോക്കുന്നത് ഉചിതമായിരിക്കുമെന്ന് തുടര്‍ന്ന് വെസ്റേണ്‍ അവന്യുവിലുളള പാര്‍ക്കില്‍ കൂടിയ യോഗത്തില്‍ ഐഎന്‍ഒസി മിഡ് വെസ്റ് റീജണ്‍ പ്രസിഡന്റ് അഗസ്റ്യന്‍ കരിംകുറ്റിയില്‍ അഭിപ്രായപ്പെട്ടു.

ഏഴു പതിറ്റാണ്ടുകളായി ഭാരതത്തെ നയിച്ച ഭരണാധികാരികളും ഇന്ത്യയെ ഇന്ത്യയാക്കി ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ തിളങ്ങുന്ന വെള്ളി നക്ഷത്രമാക്കിയും ശാസ്ത്ര സാങ്കേതിക രംഗത്തും ഭക്ഷ്യ സുരക്ഷാ രംഗത്തും കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ബഹിരാകാശ രംഗത്തും യുദ്ധോപകരണ രംഗത്തും വൈദ്യ ശാസ്ത്ര രംഗത്തും വ്യവസായ രംഗത്തും സാമ്പത്തിക രംഗത്തും എന്നു വേണ്ട മനുഷ്യ ചിന്ത്യമായ ആയിരമായിരം രംഗങ്ങളില്‍ ലോകത്തിലെ അതുല്യ ശക്തിയായി മാറ്റാന്‍ നേതൃത്വം നല്‍കിയും ഭരണ ചാതുര്യം കാഴ്ചവച്ചതിലുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇച്ഛാ ശക്തിയും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് മുന്‍ പ്രസിഡന്റ് തോമസ് മാത്യു പടന്നമാക്കല്‍ വിലയിരുത്തി.

യോഗത്തില്‍ മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമല, ജനറല്‍ സെക്രട്ടറി പ്രഫ. തമ്പി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികളായ അഗസ്റ്യന്‍ കരിംകുറ്റിയില്‍ പ്രഫ. തമ്പി മാത്യു വര്‍ഗീസ് പാലമല, സതീശന്‍ നായര്‍, തോമസ് മാത്യു, ജസി റിന്‍സി, ബെന്നി പരിമണം, പ്രവീണ്‍ തോമസ്, ഷാനി ഏബ്രഹാം, സന്തോഷ് നായര്‍, സജി കുര്യന്‍, ഷിബു വെണ്‍മണി, റിന്‍സി കുര്യന്‍ തുടങ്ങിയവര്‍ റാലിക്കും യോഗത്തിനും നേതൃത്വം നല്‍കി.