ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് കാനഡ ചാപ്റ്റര്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Saturday, August 15, 2015 6:02 AM IST
മിസിസൌഗാ: ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് കാനഡ ചാപ്റ്റര്‍ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു.

ഓഗസ്റ് 15നു (ശനി) രാവിലെ എട്ടിന് മിസിസൌഗാ പ്രസ്ക്ളബ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന യോഗത്തില്‍ ഐഎപിസി സെക്രട്ടറി ജയ്സണ്‍, കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് ജയ്ശങ്കര്‍ പിള്ള എന്നിവര്‍ പ്രഭാഷണം നടത്തി. 'ഇന്ത്യയുടെ അഖണ്ഡതയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്' എന്ന് വിഷയത്തില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് ആനി കോശി, ട്രഷറര്‍ അജീഷ്, സെക്രട്ടറിമാരായ മോഹന്‍ അരിയത്, വിജയ് സേതു മാധവ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാലു ഞാലെലില്‍, അമിത മുണ്ടഞ്ചിറ എന്നിവരും പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മത വിദ്വേഷം വളര്‍ത്തുന്ന മാധ്യമ പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും മാധ്യമ രംഗത്തെ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ കാനഡയിലെ മറ്റു മേഖലയിലെ ഭാരവാഹികളും ടെലിഫോണിലൂടെ സംബന്ധിച്ചു. ചര്‍ച്ചകള്‍ക്കുശേഷം ചായ സല്‍ക്കാരവും നടന്നു.