പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് ഉജ്വല വരവേല്‍പ്പ്
Monday, August 10, 2015 5:45 AM IST
ഡാളസ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഡാളസ് സന്ദര്‍ശനം ചരിത്രസംഭവമായി മാറി.

ഡാളസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ് ഏഴിനു (വെളളി) വൈകുന്നേരം 4.15നു ഡാളസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ പിതാവിനു മെത്രാപ്പോലീത്തമാരുടെയും സില്‍വര്‍ ജൂബിലി കമ്മിറ്റിയംഗങ്ങളോടൊപ്പം വികാരി ഫാ. പോള്‍ തോട്ടക്കാട്ട് പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ ബാങ്ക്വറ്റ് ഹാളിലേക്ക് ആനയിച്ച പാത്രിയര്‍ക്കീസ് ബാവായെ മെത്രാപ്പോലീത്താമാര്‍, കോര്‍ എപ്പിസ്കോപ്പമാര്‍, വൈദികശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍, സഭാ കൌണ്‍സില്‍ അംഗങ്ങള്‍, സില്‍വര്‍ ജൂബിലി കമ്മിറ്റിയംഗങ്ങള്‍, പളളി ഭരണസമിതി എന്നിവരുടെ നേതൃത്വത്തില്‍, ചെണ്ട വാദ്യമേളങ്ങളോടെ, വര്‍ണ മുത്തുക്കുടകളുമേന്തി, കത്തിച്ച മെഴുകുതിരികളുമായി നൂറു കണക്കിനു വിശ്വാസികള്‍ പരിശുദ്ധ പിതാവിനോടും അന്ത്യോഖ്യാ സിംഹാസനത്തോടുമുളള കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വരവേറ്റപ്പോള്‍ അന്തരീക്ഷമാകെ ഭക്തി സാന്ദ്രമായി.

ഇടവക മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗത്തില്‍ വികാരി ഫാ. പോള്‍ തോട്ടക്കാട്ട് സ്വാഗതമാശംസിച്ചു. അയൂബ് മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ അന്തീമോസ്, ബിഷപ് മോറീസ് അംഷി എന്നീ പിതാക്കന്മാര്‍ക്കു പുറമേ റമ്പാച്ചന്മാര്‍, വൈദികശ്രേഷ്ഠര്‍ തുടങ്ങിയവരും അനുമോദനങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. മുന്‍ വികാരിമാരായ റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പ, റവ. ജോസഫ് സി. ജോസഫ് കോര്‍ എപ്പിസ്കോപ്പാ എന്നിവരും ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു നടന്ന ബാവയുടെ അനുഗ്രഹീത പ്രഭാക്ഷണം, വിശ്വാസികള്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ച് ആത്മ സംതൃപ്തിയടഞ്ഞു. ലോകത്ത് പലയിടത്തും പ്രത്യേകിച്ച് സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവ സഭ വെല്ലുവിളികളുടെ മധ്യത്തിലാണെന്നും ആയിരങ്ങള്‍ ഇതിനോടകം അഭയാര്‍ഥികളായും അനേകര്‍ വധിക്കപ്പെടുകയും ചെയ്തതായും ഉളള കദന കഥ പരിശുദ്ധ ബാവ വിവരിച്ചു. വേദനയനുഭവിക്കുന്ന ക്രൈസ്തവസഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരാനും അവര്‍ക്കായി പ്രാര്‍ഥിക്കാനും നാം കടപ്പെട്ടിരിക്കുന്നുവെന്ന് ബാവ ഓര്‍മിപ്പിച്ചു. രക്ത സാക്ഷികളുടേയും പീഡിതരുടേയും സഭയാണ് സുറിയാനി സഭയെന്നും പ്രതിസന്ധികളില്‍ തളരാതെ പ്രാര്‍ഥനയോടെ വെല്ലുവിളികളെ നേരിടുവാന്‍ തയാറാകണമെന്നും പരിശുദ്ധ ബാവാ സഭാ മക്കളെ ആഹ്വാനം ചെയ്തു.

അലക്സ് മാത്യു (കോഓര്‍ഡിനേറ്റര്‍, സില്‍വര്‍ ജൂബിലി കമ്മിറ്റി) നന്ദി പ്രകാശിപ്പിച്ചു. ഷിബു കുരുവിള, ഡോ. ലിജി അനില്‍ മാത്യു എന്നിവര്‍ എംസിമാരായും പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍