ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഡാളസ് സൌഹൃദ വേദി അനുശോചിച്ചു
Saturday, August 8, 2015 8:00 AM IST
ഡാളസ്: ലോകമാകെ എക്കാലവും ആദരിച്ച മഹാപ്രതിഭയും പ്രശസ്തനായ ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഡാളസ് സൌഹൃദ വേദി അനുശോചിച്ചു.

മിസൈല്‍ മാന്‍ എന്നനിലയിലും വലിയസ്വപ്നം കാണാന്‍ പ്രേരിപ്പിച്ച നല്ല അധ്യാപകനായും എല്ലാവരുടെയും ഹൃദയത്തിലേക്കു കടന്നുചെന്ന പരേതനായ മഹാപ്രതിഭയെ ഡാളസിലെ മലയാളിസമൂഹം എന്നെന്നും സ്മരിക്കുമെന്നു ഡാളസ് സൌഹൃദ വേദി പ്രസിഡന്റ് എബി തോമസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ഓഗസ്റ് മാസം 29 നു നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവച്ചതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു. രാവിലെ 10.30നു തുടങ്ങുന്ന ഓണാഘോഷ പരിപാടിയിലെ മുഖ്യാതിഥി കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ് ഗോപാല പിള്ള ആയിരിക്കും.

വര്‍ണ പൊലിമയേറിയ കലാപരിപാടികള്‍കൊണ്ട് ഡാളസ് സൌഹൃദവേദിയുടെ ഈ വര്‍ഷത്തെ ഓണം പ്രവാസി മലയാളികളുടെ ശ്രദ്ധ പിടിച്ചെടുക്കുമെന്ന് സെക്രട്ടറി അജയകുമാറും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുകു വര്‍ഗീസും അഭിപ്രായപ്പെട്ടു.