ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളി പിക്നിക് ഇടവകകൂട്ടായ്മയുടെ പ്രതീകം
Monday, August 3, 2015 7:38 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വാര്‍ഷിക പിക്നിക് ഇടവകസമൂഹത്തിന്റെ ഒരുമയും സൌഹൃദവും പ്രകടമാക്കിയ വേദിയായി.

ഓഗസ്റ് ഒന്നിനു (ശനി) ബക്സ്കൌണ്ടി നിഷാമണിക്രീക്കിനു സമീപത്തുള്ള കോര്‍ ക്രീക്ക് സ്റേറ്റ്പാര്‍ക്കില്‍ നടന്ന പിക്നിക്കില്‍ ഇടവക കൂട്ടായ്മയുടെ പ്രതീകമായി കുട്ടികളടക്കം അറുന്നൂറിലധികം ആള്‍ക്കാര്‍ പങ്കെടുത്തു. ഇടവകവികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍ എന്നിവര്‍ പിക്നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. രാവിലെ 11ന് ഫാ. ജോണികുട്ടി പുലിശേരി ഉദ്ഘാടനം നിര്‍വഹിച്ചാരംഭിച്ച പിക്നിക്കും കായികമല്‍സരങ്ങളും വൈകുന്നേരം ആറുവരെ നീണ്ടുനിന്നു.

ചങ്ങനാശേരി അതിരൂപത ചാന്‍സലര്‍ ഫാ. ടോം പുത്തന്‍കളം പിക്നിക്കില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് കായികമല്‍സര വിജയികള്‍ക്കുള്ള  സമ്മാനദാനം നിര്‍വഹിച്ചു. ഇടവകയിലെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് ലീഗ് (എസ്എംവൈഎല്‍) പിക്നിക്കില്‍ പങ്കെടുക്കുന്നവര്‍ക്കായി പള്ളിയുടെ ലോഗോ മുദ്രണം ചെയ്ത ടീ ഷര്‍ട്ടുകള്‍ ക്രമീകരിച്ചിരുന്നു. വടംവലി, വോളിബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. 

ജോയി കരുമത്തി, ജോണ്‍ തൊമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ചികരമായ ബാര്‍ബിക്യു വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ചു. ഇടവകകൂട്ടായ്മയുടെ നാന്ദിയായി പിക്നിക്കില്‍ പങ്കെടുത്ത് പരസ്പര സ്നേഹവും സഹകരണവും, സൌഹൃദവും പങ്കുവച്ച് പിക്നിക് വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍