സ്മൈല്‍ ആന്റ് ക്ളിക്ക് മത്സരത്തിന്റെ വിധി നിര്‍ണ്ണയം പൂര്‍ത്തിയായി
Monday, August 3, 2015 5:15 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'സ്മൈല്‍ ആന്‍ഡ് ക്ളിക്ക്' അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിധി നിര്‍ണ്ണയം പൂര്‍ത്തിയായിവരുന്നതായി ഈ മത്സരത്തിന്റെ കോഡിനേറ്റര്‍ ലിജോ ജോണ്‍ അറിയിക്കുന്നു. ഓഗസ്റ് 29-നു വൈറ്റ് പ്ളെയിന്‍സില്‍ 475 വെസ്റ് ഹാര്‍ട്ട്സ് ഡെയിലില്‍ നടക്കുന്ന ഡബ്ള്യുഎംഎയുടെ ഓണാഘോഷത്തിനിടയില്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തും.

ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ മോഡല്‍ ക്രിസ്റീന ചെല്ലയ്യ, പ്രമൂഖ മലയാളി സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തക ആനി ജോണ്‍/ ലിബു, മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റീഫന്‍ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

അഭിഭാഷക, നിയമാധ്യാപിക എന്നീ തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും മോഡലിംഗിനോടും അഭിനയത്തോടുമുള്ള പ്രത്യേക അഭിനിവേശം ക്രിസ്റീനക്കുണ്ടായിരുന്നു. മിസ് മലേഷ്യ ടൂറിസം വേള്‍ഡ് 2002, മിസ് മലേഷ്യ യൂണിവേഴ്സ് (ഫസ്റ് റണ്ണര്‍അപ്പ്) എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ക്രിസ്റീന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.

ഒരു കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്റ്ററായി പ്രവര്‍ത്തിക്കുന്ന ആനി ജോണ്‍/ ലിബു ന്യൂയോര്‍ക്ക്, ന്യൂജേഴ്സി പ്രദേശത്തെ മലയാളി സംഘടനകളുടെ സജീവ പ്രവര്‍ത്തകയും ശക്തയായ വനിതാ നേതാവുമാണ്. ജസ്റിസ് ഫോര്‍ ആള്‍ എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ പിആര്‍ഒ ആണ് ആനി ജോണ്‍. ഇവന്റ് മാനേജ്മെന്റിലും കോര്‍ഡിനേഷനിലും പ്രത്യേക വൈദഗ്ദ്യമുള്ള ആനിയെ തേടി നിരവധി അവസരങ്ങള്‍ എത്തുന്നുണ്ട്.

അമേരിക്കന്‍ മലയാളി മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് ജോസ് പിന്റോ സ്റീഫന്‍. എഴുത്തിനോടൊപ്പം ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയിലും പ്രത്യേക വൈദഗ്ധ്യമുണ്ട്. ഐക്യരാഷ്ട്ര സംഘടന, യൂണിസെഫ്, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്.

ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിധികര്‍ത്താക്കള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഈ സംരഭത്തിനു എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ഡബ്ള്യു.എം.എ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുന്നതോടൊപ്പം ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മത്സരത്തിന്റെ കോഡിനേറ്റര്‍ ലിജോ ജോണ്‍ അറിയിക്കുന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ