ഡാളസില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഞായാറാഴ്ച സമാപനം
Saturday, July 25, 2015 8:38 AM IST
കൊപ്പേല്‍ (ടെക്സസ്): ഭാരത കത്തോലിക്ക സഭയിലെ പ്രഥമ വിശുദ്ധയും ഇടവക മധ്യസ്ഥയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ വികാരി ഫാ. ജോണ്‍സ്റി തച്ചാറ ജൂലൈ 17നു കൊടിയേറ്റിയതോടെ തുടക്കം കുറിച്ചു.കൊടിയേറ്റിലും തുടര്‍ന്നുള്ള ദിനങ്ങളിലെ ഭക്തി സാന്ദ്രമായ തിരുക്കര്‍മ്മങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

വെള്ളി വൈകുന്നേരം വിശുദ്ധ കുര്‍ബാനക്കും നോവേനക്കും ശേഷം സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടി 'ബട്ടര്‍ഫ്ളൈസ്' അരങ്ങേറി.

ശനി വൈകുന്നേരം നാലിനു ദിവ്യകാരുണ്യ ആരാധനയും ജപമാലയും തുടര്‍ന്നു ആഘോഷമായ റാസയും നടക്കും. ഫാ ജോര്‍ജ് എളംബശേരില്‍, ഫാ. ജോസ് കട്ടക്കര സിഎംഐ, ഫാ. ബേബി ഷെപ്പേര്‍ഡ് സിഎംഐ, ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത് എന്നിവര്‍ കാര്‍മികരായിരിക്കും. തുടര്‍ന്നു കലാപരിപാടിയുടെ ഭാഗമായി ഡാളസ് സിംഫണി നയിക്കുന്ന ഗാനമേളയും നടക്കും.

സമാപന ദിവസമായ ജൂലൈ 26നു (ഞായര്‍) വൈകുന്നേരം 4.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ടോം തോമസ് എംഎസ്എഫ്എസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ പ്രദക്ഷിണത്തിനും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിനുംശേഷം സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.

കൈക്കാരന്മാരായ ജൂഡിഷ് മാത്യു, അപ്പച്ചന്‍ ആലപ്പുറത്ത്, നൈജോ മാത്യു, പോള്‍ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ മോടിയാക്കുവാന്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍