ഏഴു ദിവസം നീണ്ടു നിന്ന ഭജന്‍ പുതിയ ലോക റിക്കാര്‍ഡ് സ്ഥാപിച്ചു
Saturday, July 25, 2015 8:36 AM IST
കാലിഫോര്‍ണിയ: 173 മണിക്കൂറും 45 മിനിട്ടും തുടര്‍ച്ചയായി നടത്തിയ ഭജന്‍ പുതിയ വേള്‍ഡ് റിക്കാര്‍ഡ് സ്ഥാപിച്ചു. ജൂലൈ 12നു രാവിലെ എട്ടു മുതല്‍ ആരംഭിച്ച ഭജന്‍ ജൂലൈ 19നു ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് നീണ്ടു നിന്നത്. ഇരുനൂറ് വോളന്റിയര്‍മാര്‍ 750 ഭജന്‍ ഗായകര്‍, 5000 ഭക്ത ജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഭജന്‍ പ്രോഗ്രാം കാലിഫോര്‍ണിയ കാര്‍സണിലുളള ശ്രീരാം കബീര്‍ മന്ദിരത്തിലാണ് സംഘടിപ്പിച്ചത്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രതിനിധി മൈക്കിള്‍ എംപറില്‍ നിരീക്ഷകനായി പങ്കെടുത്തു.

ഇതിനു മുമ്പ് 110 മണിക്കൂര്‍ നീണ്ടു നിന്ന ഭജനായിരുന്ന ലോക റിക്കാര്‍ഡില്‍ നിലവിലിരുന്നത്. പുതിയ ലോക റിക്കാര്‍ഡ് സ്ഥാപിക്കുന്നതില്‍ പനാമ, കാലിഫോര്‍ണിയ, ടെക്സസ്, അരിസോണ, ഫ്ളോറിഡ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് ശ്രീരാം കബിര്‍ മന്ദിര്‍ പ്രസിഡന്റ് മുകുന്ദ ഭായ് ഭക്ത പറഞ്ഞു.

നാലു മുതല്‍ 86 വയസു വരെയുളളവരാണ് ഭജനയില്‍ പങ്കെടുത്തത്. എല്ലാ ജീവജാലങ്ങളുടേയും നന്മയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനും ലോകത്ത് അധിവസിക്കുന്ന കോടി കണക്കിനു ജനങ്ങളുടെ ജീവിതത്തിനു പ്രകടമായ മാറ്റം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

ഭജന്‍ പരിപാടി വിജയിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയവരേയും പങ്കെടുത്തവരേയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍