സതേണ്‍ റീജണല്‍ മാര്‍ത്തോമ കുടുംബ സമ്മേളനത്തിനുളള രജിസ്ട്രേഷന്‍ ആരംഭിച്ചു
Wednesday, July 22, 2015 6:08 AM IST
ടാമ്പ: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സതേണ്‍ റീജണല്‍ കുടുംബ സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്ളോറിഡായിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററിലാണു സമ്മേളനം. ടാമ്പ സെന്റ് മാര്‍ക്സ് മാര്‍ത്തോമ ഇടവക ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും സെന്റ് മാര്‍ക്സ് മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വികാരി റവ. ജോയ്ക്കുട്ടി ദാനിയേല്‍ നിര്‍വഹിച്ചു.

കോണ്‍ഫറന്‍സ് വെബ് സൈറ്റ് ൃാളേരര2015.രീാ ന്റെ പ്രകാശനവും ഇതോടനുബന്ധിച്ചു നടന്നു. സമ്മേളനത്തിന്റെ ആദ്യ രജിസ്ട്രേഷനുകള്‍ ഏബ്രഹാം പി. ചാക്കോ, ജോണ്‍ ഫിലിപ്പോസ്, ഉമ്മന്‍ അലക്സാണ്ടര്‍ എന്നിവര്‍ക്കു നല്‍കി നിര്‍വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത അലക്സ് ചാണ്ടിയെയും വെബ്സൈറ്റ് രൂപ കല്‍പ്പന ചെയ്ത ബിനു ഈപ്പനെയും മീറ്റിംഗില്‍ അനുമോദിച്ചു. 'നമ്മുടെ തലമുറ, നമ്മുടെ ഉത്തരവാദിത്തം' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയം.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് റീജണിലെ വിവിധ ഇടവകകളില്‍ നിന്നുളള ഗായക സംഘങ്ങള്‍ അണിയിച്ചൊരുക്കുന്ന 'ക്വയര്‍ ഫെസ്റ് 2015' നടക്കും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, ഫാ. ബോബി ജോസ്, കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രശസ്തരായ വ്യക്തികളും സമ്മേളനത്തിനു നേതൃത്വം നല്‍കും. സതേണ്‍ റീജണല്‍ മാര്‍ത്തോമ കുടുംബ സംഗമത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ആത്മീയ സംഗമത്തിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സതേണ്‍ റീജണല്‍ മാര്‍ത്തോമ ഇടവകകളില്‍ നിന്നുളള വൈദികരും വിശ്വാസികളും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: റവ. ജോയിക്കുട്ടി ഡാനിയേല്‍ 813 562 3793, മാത്യു തോമസ് (മോനച്ചന്‍) 813 393 8957. ംലയശെലേ : ൃാളേരര2015.രീാ

റിപ്പോര്‍ട്ട്: ബെന്നി പരിമണം