പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സിലിക്കണ്‍വാലി ഒരുങ്ങുന്നു
Wednesday, July 22, 2015 4:51 AM IST
സാന്‍ഫ്രാന്‍സിസ്ക്കോ: ലോകത്തിന്റെ ഐടി ആസ്ഥാനമായ സിലിക്കണ്‍വാലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. സിലിക്കണ്‍വാലിയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രമാക്കാനാണ് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍വംശജരുടെ ശ്രമം. കഴിഞ്ഞ നവംബറില്‍ മോദിക്ക് ന്യൂയോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിനു സമാനമായ സ്വീകരണമൊരുക്കാനാണു നീക്കം. സെപ്റ്റമ്പര്‍ 27നാണു മോദി സിലിക്കണ്‍ വാലിയിലെത്തുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണു നരേന്ദ്ര മോദിയുടെ സെപ്റ്റംബറിലെ സന്ദര്‍ശനം. 18500 പേര്‍ക്കിരിക്കാവുന്ന സാന്‍ജോസ് സാപ് സെന്ററിലാണ് സ്വികരണമൊരുക്കുക.കാലിഫോര്‍ണിയ സംസ്ഥാനത്തെ ഏറ്റവും വലിയ സ്റേഡിയമാണിത്
മോദിയുടെ സന്ദര്‍ശനം വിജയിപ്പിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതോളം ഭാരതസംഘടനകള്‍ പങ്കെടുത്തു. പരിപാടി നടത്താന്‍ മാത്രമായി ഇന്തോ അമേരിക്കന്‍ കമ്യുണിറ്റി ഫോര്‍ വെസ്റ് കോസ്റ് എന്ന സംഘടനയ്ക്കുതന്നെ രൂപം നല്‍കി. കുത്തക സ്ഥാപനങ്ങളില്‍നിന്നു പിരിവെടുക്കാതെ ഫണ്ട് കണ്െടത്താനാണു തീരുമാനം.

സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സാന്‍ഫ്രാന്‍സിസ്ക്കോയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ജനറല്‍ വെങ്കിടേശന്‍ അശോക്, ബിജെപിയുടെ വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഡോ. വിജയ് ചൌതയ് വാലെ തുടങ്ങിയവരും പങ്കെടുത്തു.

ആഗോള ഐടി കമ്പനികളുടെ പറുദീസയായ സിലിക്കണ്‍വാലിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെങ്കിലും സിലിക്കണ്‍വാലി ഉള്‍പ്പെടുന്ന സാന്‍ഫ്രാന്‍സിസ്ക്കോയിലെത്തുന്ന ആദ്യയാളല്ല. അറുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1949 ല്‍ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനും മകള്‍ ഇന്ദിര ഗാന്ധിക്കുമൊപ്പം ജവഹര്‍ലാല്‍ നെഹ്റു സാന്‍ഫ്രാന്‍സിസ്കോ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍, നെഹ്റു സന്ദര്‍ശിക്കുന്നവേളയില്‍ സിലിക്കണ്‍ വാലി എന്ന പേര് കൂടി ഉണ്ടായിട്ടില്ല. 1970 കളിലാണ് കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ വ്യവസായത്തിന്റെ നട്ടെല്ലായ സിലിക്കണ്‍വാലിയുടെ പിറവി.

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് പസഫിക് മഹാസമുദ്രത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. അമേരിക്കയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്.
1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോര്‍ണിയ. 1846-49ലെ മെക്സിക്കന്‍- അമേരിക്കന്‍ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. കാലിഫോര്‍ണിയായിലെ നാലാമത്തെ വലിയ നഗരമാണ് സാന്‍ഫ്രാന്‍സിസ്കോ.