വിമന്‍സ് സാക്ഷരത ക്ളാസ്: പരീക്ഷ ഫലം പ്രഖ്യാപിച്ചു
Thursday, July 16, 2015 5:25 AM IST
ദുബായി: പ്രവാസി വനിതകള്‍ക്കിടയില്‍ ഇസ്ലാമിലെ നിര്‍ബന്ധ വൈയക്തിക ബാധ്യതകള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐസിഎഫ് സെന്‍ട്രല്‍ നോളജ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിമന്‍സ് സാക്ഷരത ക്ളാസിന്റെ ഫലം പ്രഖ്യാപിച്ചു.

മുഹൈസിന 1 യൂണിറ്റിലെ സീനത്ത് ഇബ്രാഹിം ഒന്നാം സ്ഥാനവും കറാമ യൂണിറ്റിലെ നുസ്രത്ത് ഹംസ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി ദുബായിലെ 20 ല്‍ പരം കേന്ദ്രങ്ങളില്‍ എട്ടു ക്ളാസുകളാണ് ഐസിഎഫ് സംഘടിപ്പിച്ചത്.

സ്വജീവിതത്തില്‍ വ്യക്തിപരമായി നിര്‍ബന്ധ ബാധ്യതയായി വരുന്ന വുളു, നിസ്കാരം, കുളി, തയമ്മും, സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവയാണ് ഒന്നാം ഘട്ടമായി പഠന വിധേയമാക്കിയത്. ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരുപറ്റം പണ്ഡിതന്മാരാണ് കോഴ്സിന്റെ പാട്യ പദ്ധതി തയാറാക്കിയത്. തികച്ചും ലളിതവും ശാസ്ത്രീയവുമായ ഈ പാഠ്യ പദ്ധതി സ്ത്രീകളെ നന്നായി ആകര്‍ഷിച്ചിരുന്നു.

ദുബായി മര്‍കസില്‍ നടന്ന ഫൈനല്‍ പരീക്ഷയില്‍ യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം സ്ത്രീകള്‍ പങ്കെടുത്തു. വിജയികളെ ഐസിഎഫ് നോളജ് സെല്‍ ഭാരവാഹികളായ അബ്ദുസലാം സഖാഫി വെള്ളലശേരി, ആസിഫ് മൌലവി പുതിയങ്ങാടി എന്നിവര്‍ അഭിനന്ദിച്ചു.

വിജയികള്‍ക്ക് പെരുന്നാള്‍ ദിവസം രാത്രി ദുബായി മര്‍കസില്‍ നടക്കുന്ന ഈദ് നൈറ്റില്‍ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കും.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ, ആലപ്പുഴ