മസ്കറ്റ് മലയാളീസ് സൌഹൃദ കൂട്ടായ്മയുടെ സഹായത്തോടെ ഗോപി മാധവന്‍ നാട്ടിലേക്കു മടങ്ങുന്നു
Tuesday, July 14, 2015 5:53 AM IST
മസ്കറ്റ്: കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷങ്ങളായി ഒമാനില്‍ അനധികൃതമായി താമസിക്കുകയായിരുന്ന തൃശൂര്‍ കുന്നുകുളം അവനൂര്‍ പഞ്ചായത്ത് സ്വദേശി ഗോപി മാധവന്‍ (53) ജൂലൈ 15നു പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സ്വന്തം നാട്ടിലേക്കു മടങ്ങുന്നു.

മസ്കറ്റില്‍ ജോലിക്ക് വന്ന സ്ഥാപനം അടച്ചുപൂട്ടുകയും സ്ഥാപന ഉടമയായ അറബി സ്വന്തം ഗ്രാമത്തിലേക്കു മടങ്ങുകയും ചെയ്തതുമൂലം പിന്നീട് ബന്ധപ്പെടാനും സാധിച്ചില്ല. അതോടൊപ്പം പാസ്പോര്‍ട്ടും നഷ്ടമായി. അതോടുകൂടി തിരിച്ചു മടങ്ങുവാനും വഴിയില്ലാതെയായി. തുടര്‍ന്നു ദിവസക്കൂലി ചെയ്ത് 20 വര്‍ഷങ്ങള്‍ തള്ളി നീക്കി. കഴിഞ്ഞ പൊതുമാപ്പിനു അപേക്ഷിച്ചിരുന്നുവെങ്കിലും പോകുവാന്‍ സാധിച്ചിരുന്നില്ല. മകള്‍ക്ക് എട്ടു വയസുള്ളപ്പോള്‍ ഇവിടെ വന്നതാണ്. അതിനു ശേഷം കുടുംബത്തെ കാണാന്‍ സാധിച്ചിരുന്നില്ല.

മസ്കറ്റ് മലയാളീസ് സൌഹൃദ കൂട്ടായ്മയുടെ ഫേസ്ബുക്കില്‍ ഗോപിയേട്ടനെപ്പറ്റി ഒരു കമന്റ് വരുകയും കൂട്ടായ്മയിലെ സുഹൃത്തുകള്‍ അദേഹത്തെ നേരില്‍ ചെന്നു കാണുകയും ഓപ്പണ്‍ ഹൌസില്‍ കൊണ്ടുപോയി എംബസിയുടെ ശ്രദ്ധയില്‍പെടുത്തി. അതിലൂടെ ഇദ്ദേഹത്തെയും ഇത്തവണത്തെ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തി മടക്കയാത്രയുടെ കാര്യങ്ങള്‍ സുഗമമാകുകയും ചെയ്തു.