സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്, മലങ്കര സഭകളുടെ വിജയം: പരിശുദ്ധ കാതോലിക്കാ ബാവ
Tuesday, July 14, 2015 5:24 AM IST
ഡാളസ്: സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് മലങ്കര സഭകളുടെ വിജയത്തെ ആണു സൂചിപ്പിക്കുന്നതെന്നു പരിശുദ്ധ കാതോലിക്കാ ബാവ കോണ്‍ഫറന്‍സ് സമാപന സമ്മേളനത്തില്‍ ഉത്ബോധിപ്പിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ വെറും ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ ആകാതെ ആത്മീയമായി പുതുക്കപ്പെടണമെന്ന് സൂചിപ്പിച്ചു. ജൂലൈ എട്ടാം തീയതി വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടുകൂടി തുടങ്ങിയ കോണ്‍ഫറന്‍സ് പരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു. ജുലൈ ഒമ്പതാംതീയതിയും പത്താംതീയതിയും 'ഭവനം ഒരു ദേവാലയം' എന്ന ചിന്താവിഷയത്തെ ആധാരമാക്കി മുഖ്യപ്രാസംഗീകന്‍ റവ.ഫാ. വര്‍ഗീസ് വര്‍ഗീസ് പ്രഭാഷണവും ക്ളാസുകളും എടുത്തു.


കോണ്‍ഫറന്‍സില്‍ സഭാ വൈദീക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. ജോയി പൈങ്ങോലില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഏകദേശം 800 ആളുകള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ചിട്ടയായ പ്രവര്‍ത്തനംകൊണ്ടും മികച്ച ക്ളാസുകള്‍കൊണ്ടും മികവുറ്റതായി.

ഭദ്രാസന ഡയറക്ടറി ബാവാ തിരുമേനി ആദ്യകോപ്പി ഫാ. രാജു ദാനിയേലിനു നല്‍കി പ്രകാശനം ചെയ്തു. തദവസരത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത പ്രിന്‍സ് ഏബ്രഹാമിനെയും ജിജു ജോണിനെയും പ്രത്യേകം അനുമോദിച്ചു.

ജൂലൈ പതിനൊന്നിനു (ശനിയാഴ്ച) രാവിലെ പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരുന്നു.

ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ഈ കോണ്‍ഫറന്‍സ് വന്‍ വിജയമാക്കിയ ഡയറക്ടര്‍ റവ.ഫാ. മാത്യു അലക്സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത് മാത്യു എന്നിവരേയും കൂടെ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളേയും ബാവാ തിരുമേനിയും ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തയും മുക്തകണ്ഠം പ്രശംസിച്ചു.

2018-ല്‍ ഷിക്കാഗോയില്‍ ആണു അടുത്ത ഭദ്രാസന തല ഫാമിലി കോണ്‍റന്‍സ് നടക്കുകയെന്നു ഭദ്രാസന മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം