സെന്റ് മേരീസ് വിമന്‍സ് ലീഗ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
Saturday, July 11, 2015 9:04 AM IST
ടാമ്പ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സൌത്ത് ഈസ്റ് റീജണ്‍ സെന്റ് മേരീസ് വിമന്‍സ് ലീഗ്, ഏകദിന സെമിനാര്‍ ടാമ്പ മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ നടന്നു.

ടാമ്പ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഇടവക മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസ് അധ്യക്ഷത വഹിച്ചു. ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെക്കുറിച്ചും അനുഗ്രഹപ്രദമായ കുടുംബ ജീവിതത്തില്‍ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചും അധ്യക്ഷ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത വിശ്വാസികളെ ഓര്‍മിപ്പിച്ചു.

'ക്രിസ്തീയ കുടുംബ ജീവിതം - നിയോഗങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തെ സംബന്ധിച്ച് തിരുവചനാടിസ്ഥാനത്തില്‍ മയാമി സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. പി.സി. കുര്യാക്കോസ് ക്ളാസെടുത്തു. പ്രശ്നപൂരിതമായി ഇന്നത്തെ കുടുംബാന്തരീക്ഷത്തില്‍ ക്രിസ്തീയ കുടുംബജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും ക്രൈസ്ത വീക്ഷണത്തില്‍ അവയെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

സ്റോണ്‍ മൌണ്ട് സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ. ബോബി ജോസഫ് കോര്‍ എപ്പിസ്കോപ്പ ആശംസ പ്രസംഗം നടത്തി. വിമന്‍സ് ലീഗ് ജനറല്‍ സെക്രട്ടറി മിലന്‍ റോയിയുടെ നേതൃത്വത്തില്‍ വിമന്‍സ് ലീഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകന ചര്‍ച്ച നടന്നു.

സെമിനാറില്‍ വിവിധ ദേവാലയങ്ങളില്‍നിന്നുമായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ ദേവാലയങ്ങളിലെ അംഗങ്ങള്‍ ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി. റവ. ഡോ. ജോഷ് തോമസ് നന്ദി പറഞ്ഞു. ഷേര്‍ലി തോസ് എംസി ആയി പ്രവര്‍ത്തിച്ചു. സ്നേഹവിരുന്നോടെ സെമിനാറിനു സമാപനമായി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍