ജെറി അമല്‍ദേവിന് പിറന്നാള്‍ മംഗളങ്ങള്‍
Saturday, July 11, 2015 8:56 AM IST
നാനുവറ്റ് (ന്യൂയോര്‍ക്ക്): ചലച്ചിത്രഗാനരംഗത്തും ഭക്തിഗാനരംഗത്തും പുതിയ സംഗീതപ്രപഞ്ചം സൃഷ്ടിച്ച ജെറി അമല്‍ദേവിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ സംഗീതപ്രേമികളുടെ നിറഞ്ഞ സദസില്‍ ആഘോഷിച്ചു.

സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജറി അമല്‍ദേവ് പ്രോഗ്രാം സംഘടിപ്പിച്ച സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ് കാരാവള്ളി റസ്ററന്റില്‍ പിറന്നാള്‍ ആഘോഷിച്ചത്. ജെറി മാസ്ററുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് അദ്ദേഹം പിറന്നാള്‍ മധുരം പങ്കുവച്ചു.

ആഘോഷവും സദസ്യരുടെ സ്നേഹവും തന്നെ ഏതോ മായികലോകത്ത് എത്തിച്ച പ്രതീതിയിലാണെന്നു പറഞ്ഞ ജെറി അമല്‍ ദേവ്, താന്‍ എന്ന വ്യക്തിയെ അല്ല, സംഗീതത്തെയാണ് ആദരിക്കുന്നതെന്ന് തനിക്കറിയാം. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തും തന്റെ ഗാനങ്ങള്‍ക്കും തനിക്കും ലഭിച്ച അംഗീകാരവും ആദരവും ഏറെ കൃതാര്‍ഥത പകരുന്നു.

തനിക്ക് സംഗീത വേദിയൊരുക്കുകയും പിറന്നാളാഘോഷം ഒരുക്കുകയും ചെയ്ത സംഘാടകരോടും വികാരിയും സംഗീതജ്ഞനുമായ ഫാ. തദേവൂസ് അരവിന്ദത്തിനോടുമുള്ള കൃതജ്ഞത അദ്ദേഹം രേഖപ്പെടുത്തി.

ചടങ്ങില്‍ കണ്ണൂര്‍ ബിഷപ് അലക്സ് വടക്കുംതല മുഖ്യാതിഥിയായിരുന്നു. കവിതകള്‍ എഴുതുന്ന അദ്ദേഹം ജെറി മാസ്ററുമൊത്തുള്ള തന്റെ സംഗീത പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. ഭക്തിഗാനരംഗത്ത് ഫാ. തദേവൂസും ജെറി മാസ്ററും നല്‍കിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ കേട്ട് ധ്യാനത്തിലിരിക്കുന്ന ഹൈന്ദവ സുഹൃത്തുക്കളുടെ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗീതാസ്വാദന ക്ളാസില്‍ ജറി മാസ്റര്‍ വ്യത്യസ്ത സംഗീത രീതികളെപ്പറ്റി അവലോകനം നടത്തി.

ജെറി മാസ്ററെ കൊണ്ടുവരാനും അദ്ദേഹത്തില്‍ നിന്ന് ഇവിടെയുള്ളവര്‍ക്ക് പഠിക്കാനും അവസരം ലഭിച്ചതില്‍ ഫാ. തദേവൂസ് അരവിന്ദത്ത് സംതൃപ്തി പ്രകടിപ്പിച്ചു. വലിയ ഉത്തരവാദിത്വവും പണച്ചെലവുമുള്ള ഒരു സാഹസത്തിനാണ് തങ്ങള്‍ മുതിര്‍ന്നത്. തന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘാടക സമിതിക്കും ഇതുമായി സഹകരിച്ച വ്യക്തികളും പ്രത്യേകം നന്ദി അര്‍ഹിക്കുന്നു.

പിറന്നാളാഘോഷത്തിനു ജയിന്‍ ജേക്കബ്, സാജന്‍ ജേക്കബ്, ജേക്കബ് ചൂരവടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോസഫ് വാണിയപ്പള്ളി, ജേക്കബ് റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.