കോണ്‍ഫെഡറേറ്റ് ഫ്ളാഗ് നീക്കം ചെയ്യുന്ന ഉത്തരവില്‍ ഗവര്‍ണര്‍ നിക്കി ഹെയ്ലി ഒപ്പുവച്ചു
Friday, July 10, 2015 6:42 AM IST
കൊളംബിയ: കഴിഞ്ഞ അമ്പതു വര്‍ഷമായി സൌത്ത് കരോളിന സ്റേറ്റ് ഹൌസിനു മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ന്നു നിന്നിരുന്ന കോണ്‍ഫെഡറേറ്റ് ഫ്ളാഗ് ജൂലൈ 10നു (വെളളി) രാവിലെ അവിടെനിന്ന് ഇറക്കി മ്യൂസിയത്തില്‍ സ്ഥാപിക്കുന്നതിനുളള ഉത്തരവില്‍ വ്യാഴാഴ്ച സൌത്ത് കരോളിന ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്ലി ഒപ്പുവച്ചു.

ചാള്‍സ്ടണ്‍ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ് എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ വെടിയേറ്റു മരിച്ചു വീണ ഒമ്പത് പേരുടെ സ്മരണയ്ക്കായി ഒമ്പതു പേനകളാണ് ഒപ്പുവയ്ക്കുന്നതിനായി ഗവര്‍ണര്‍ ഉപയോഗിച്ചത്. ഓരോ പേനയും വെടിയേറ്റു മരിച്ച ഓരോ കുടുംബാംഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ ഹൌസ് ഓഫ് പ്രെസന്റേറ്റീവ് 24 നെതിരെ 94 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. സ്റേറ്റ് സെനറ്റിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നു.

1861-1865 കാലഘട്ടത്തില്‍ നന്ന സിവില്‍ വാറില്‍ കോണ്‍ഫെഡറേറ്റ് ട്രൂപ്പിന്റെ അഭിമാനമായിരുന്നു ഈ ഫ്ളാഗ്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പു വച്ചതോടെ കോണ്‍ഫെഡറേറ്റ് ഫ്ളാഗ് നീക്കം ചെയ്യുന്നതിനു തീരുമാനമെടുത്ത ആദ്യ സംസ്ഥാനമെന്ന ബഹുമതി സൌത്ത് കരോളിനയ്ക്ക് സ്വന്തം. ചാള്‍സ്ടണ്‍ വെടിവയ്പിനുശേഷം ഈ ഫ്ളാഗിനെക്കുറിച്ച് നടന്നിരുന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ വിരാമമായി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍