കേരള പൈതൃകം സംരക്ഷിക്കുന്നതില്‍ അമേരിക്കന്‍ മലയാളികളുടെ ആവേശം പ്രശംസനീയം: കെ.വി. തോമസ് എംപി
Thursday, July 9, 2015 8:02 AM IST
ഗാര്‍ലന്‍ഡ് (ഡാളസ്): കേരള പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നതില്‍ അമേരിക്കന്‍ മലയാളികള്‍ പ്രകടിപ്പിക്കുന്ന ആവേശം പ്രശംസനീയമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസ് എംപി.

പ്രവാസി മലയാളികള്‍ കേരളത്തിനു വിവിധ തലങ്ങളില്‍ നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ എട്ടിനു കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു കെ.വി. തോമസ്.

കെ.വി. തോമസിനും ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലിലിനും കേരള അസോസിയേഷന്‍ അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, ഐസിഇസി പ്രസിഡന്റ് ഐ. വര്‍ഗീസ്, പി.ടി. സെബാസ്റ്യന്‍, രാജന്‍ മേപ്പുറത്ത്, മുന്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാട്ട്, ടോമി നെല്ലവേലില്‍, അനഗ്വര്‍ മാമ്പിള്ളി, പി.പി. സൈമണ്‍, മാത്യു നൈനാന്‍, ബോബന്‍ കൊടുവത്ത്, രാജന്‍ ഐസക്, പീറ്റര്‍ നെറ്റോ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് ബാബു സി. മാത്യു അതിഥികളെ പരിചയപ്പെടുത്തി. ഈപ്പന്‍ ഏബ്രഹാം, ആഴ്ചവട്ടം പത്രാധിപര്‍ ജോര്‍ജ് കാക്കനാട്, പ്രദീപ് എന്നിവര്‍ക്കും സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍