കെ.എസ്. ബിമലിന്റെ വേര്‍പാടില്‍ ജിദ്ദ നവധാര അനുശോചിച്ചു
Monday, July 6, 2015 7:34 AM IST
ജിദ്ദ: ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ജനപക്ഷ സമര ഭൂമികയില്‍ ജ്വലിച്ചുയര്‍ന്ന കെ.എസ്. ബിമലിന്റെ ആകസ്മിക വേര്‍പാടില്‍ ജിദ്ദ നവധാര എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചിച്ചു.

മാനവികതയും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്നതിനു ജാഗ്രതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ തന്റെ ധിഷണതയുടെ പാരമ്യതയില്‍ കൃത്യതയാര്‍ന്ന സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ വാര്‍ത്തെടുത്ത ഒരു സമരയൌവനം കേരളത്തിനു നല്‍കിക്കൊണ്ടാണു ബിമല്‍ വിടപറഞ്ഞെന്നും നവധാര ഓര്‍മിപ്പിച്ചു.

കേരളത്തിലെ സിപിഎമ്മിന്റെ ജീര്‍ണതയില്‍നിന്നു പിറവിയെടുത്ത ഒരുപറ്റം പാര്‍ട്ടി മാടമ്പിമാരുടെ രക്തദാഹത്തിനും കൊലക്കത്തിയുടെ പ്രത്യയശാസ്ത്രത്തിനുവെല്ലുവിളിയുയര്‍ത്തി പാര്‍ട്ടിക്ക് അനഭിമതനായി പടിയിറങ്ങി ഇടതുപക്ഷ ബദല്‍ രാഷ്ട്രീയ നീക്കത്തിനു നേതൃത്വം നല്‍കിക്കൊണ്ടു മാന്യമായി മറുപടി നല്‍കിയ ബിമല്‍ തുടങ്ങിയ വിപ്ളവസ്വപ്നം യാഥാര്‍ഥ്യമാകുക തന്നെ ചെയ്യുമെന്നു നവധാര പ്രത്യാശ പ്രകടിപ്പിച്ചു.

ഫാസിസത്തിന്റെ കടന്നുകയറ്റവും കാലഹരണപ്പെട്ട ജാതീയതയും ദുരാചാരങ്ങളും തിരിച്ചുവരുന്നതിനും ജനാധിപത്യ ധ്വംസനത്തിനെതിരെയും മാനവിക ജാഗ്രതാസദസും ജനാധിപത്യവേദിയും രൂപീകരിച്ചും ദേശീയ തലത്തില്‍ ഇടതുപക്ഷ ബദല്‍ കെട്ടിപ്പടുക്കാന്‍ തുടക്കം കുറിച്ചും സിപിഎമ്മിന്റെ നെഞ്ചകം പിളര്‍ത്തിയ ബിമല്‍, പാര്‍ട്ടി പടിയിറക്കിയ ധീരരായ ഒരു പറ്റം കമ്യൂണിസ്റുകളുടെ പ്രചോദനമായിത്തീരുകയും തിരുത്തല്‍ തയാറാറാകാത്ത പാര്‍ട്ടി നാള്‍ക്കുനാള്‍ ഒറ്റപ്പെട്ടും. ജനം തിരിച്ചടി നല്‍കിയും നാശോന്മുഖ നാള്‍വഴികളില്‍ സമരമുഖത്തും തെരഞ്ഞെടുപ്പുകളിലും നാണം കെട്ട തോല്‍വികള്‍ ഏറ്റുവാങ്ങി മുട്ടാപ്പോക്ക് ന്യായങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷത്തെ നെഞ്ചിലേറ്റുന്ന ബിമലിനെപ്പോലുള്ളവര്‍ക്കു റീത്തുവയ്ക്കാന്‍ മാത്രം കുറ്റബോധം തോന്നിത്തുടങ്ങിയ പാര്‍ട്ടിനേതൃത്വം തിരിച്ചടികളില്‍ നിന്നും ഒന്നും പഠിക്കാന്‍ പോകുന്നില്ല എന്നും നവധാര വിലയിരുത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍