സിഎസ്ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു ബഫലോയില്‍ ഭക്തി സാന്ദ്രമായ തുടക്കം
Monday, July 6, 2015 7:29 AM IST
ന്യൂയോര്‍ക്ക്: ബഫലോയില്‍ ഹയത്ത് റീജന്‍സി ഹോട്ടലിലും നയാഗ്രാ കണ്‍ വന്‍ഷന്‍ സെന്ററിലുമായി നടക്കുന്ന 29-ാമത് സിഎസ്ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു തിരി തെളിഞ്ഞു.

അമേരിക്കയിലും കാനഡയിലും നിന്നായി നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സിഎസ്ഐ സഭയുടെ മോഡറേറ്റര്‍ മോസ്റ് റവ. ജി. ദൈവാശിര്‍വാദം ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍, രായല്‍സീമ ഭദ്രാസന ബിഷപ് റവ. ദേവ പ്രസാദ റാവു, സൌത്ത് കേരള ഭദ്രാസന ബിഷപ് റവ. ധര്‍മരാജ് രസാലം, ഈസ്റ് കേരള ബിഷപ് കെ.ജി. ദാനിയേല്‍, സിനഡ് ട്രഷറര്‍ അഡ്വ. റോബര്‍ട്ട് ബ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിഎസ്ഐ നോര്‍ത്ത് അമേരിക്കന്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റും സീഫോര്‍ട് ഇടവക വികാരിയുമായ റവ. സാമുവല്‍ ഉമ്മന്‍ സ്വാഗതവും സെക്രട്ടറി ടിം കിണറ്റുകര നന്ദിയും പറഞ്ഞു. കണ്‍വീനര്‍ മാത്യു ജോഷ്വ എംസി യായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

നോര്‍ത്ത് അമേരിക്കയിലെ സിഎസ്ഐ കോണ്‍ഫറന്‍സിന്റെയും സിഎസ്ഐ കൌണ്‍സിലിന്റെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവന്ന അന്തരിച്ച ബിഷപ് ഡോ. ജോര്‍ജ് നൈനാന്‍, റവ. ഡോ. കെ.കെ. കോശി, പി.ഒ കുരുവിള, മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ്, വര്‍ഗീസ് കെ. ഡേവിഡ്, ജോണ്‍ ദാനിയേല്‍ എന്നിവരുടെ സേവനങ്ങളെ അനുസ്മരിച്ചു. ജോ. കണ്‍വീനര്‍ തോമസ് ടി. ഉമ്മന്‍ അനുശോചനം പ്രസംഗം നടത്തി. റവ. ജോണ്‍ ജെ. വില്യം അനുസ്മരണ പ്രാര്‍ഥന നടത്തി.

തോമസ് ജെ. പായിക്കാടിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സുവനീര്‍ 'സ്മരണിക' യുടെ പ്രകാശനം ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍, മോഡറേറ്റര്‍ റവ. ജി. ദൈവാശീര്‍വാദത്തിനു നല്‍കി നിര്‍വഹിച്ചു.

സീഫോര്‍ഡ് ഇടവകാംഗങ്ങള്‍ ഒരുക്കിയ ചെണ്ടമേളം, താലപ്പൊലി, വിവിധ നിറങ്ങളിലുള്ള മുത്തുക്കുടകള്‍ എന്നിവയോടെ ബഫലോ നഗരവീഥികളിലൂടെ നീങ്ങിയ സിഎസ്ഐ വിശ്വാസികളുടെ റാലിക്ക് സഭാ പിതാക്കന്മാരും വൈദികരും അല്‍മായ നേതാക്കളും നേതൃത്വം നല്‍കി.