കെ.പി.പി. നമ്പ്യാര്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
Wednesday, July 1, 2015 4:57 AM IST
ഹൂസ്റണ്‍: അന്തരിച്ച പ്രശസ്ത ടെക്നോക്രാറ്റ് കെ.പി.പി നമ്പ്യാര്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനായിരുന്ന ഇദ്ദേഹം വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു.

ഇലക്ട്രോണിക്സ് വിദഗ്ധന്‍. കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് കേരളത്തിനു മികച്ച സംഭാവനകള്‍ നല്‍കിയയാളാണു കെ.പി.പി. നമ്പ്യാര്‍.
കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 1995ല്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ രൂപം കൊണ്ടപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ച ടി.എന്‍. ശേഷനൊപ്പം പ്രസിഡന്റ് പദമലങ്കരിച്ച വ്യക്തിയാണു കെ.പി.പി. നമ്പ്യാര്‍. ലോകം മുഴുവനുമുള്ള മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കാന്‍ കഠിനാധ്വാനം ചെയ്ത നമ്പ്യാരുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു വേണ്ട് പിആര്‍ഒ ഡോ. ജോര്‍ജ് എം. കാക്കനാട്ട് അനുശോചനമറിയിച്ചു. കൌണ്‍സില്‍ 20-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ അദ്ദേഹം വിടചൊല്ലിയത് ഏറെ ദുഃഖകരമാണെന്നു ഡോ. കാക്കനാട്ട് പറഞ്ഞു.

കൌണ്‍സില്‍ സ്ഥാപകാംഗവും അഡ്വൈസറി ബോര്‍ഡ് അംഗവുമായ ആന്‍ഡ്രു പാപ്പച്ചന്‍, ആദ്യകാല മുഖ്യ സംഘാടകരായ അലക്സ് കോശി വിളനിലം, പ്രിയദാസ് മംഗലത്ത്, സോമന്‍ ബേബി, ജോളി തടത്തില്‍, ഗോപാലപിള്ള, ബി.സി. ജോജോ, ഡോ. ജോര്‍ജ് ജേക്കബ്, മുകള്‍ ബേബിക്കുട്ടി, തുടങ്ങിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അനുസ്മരിച്ചു.